തൃശ്ശൂര്‍: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും റഷ്യയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ. ജൂണ്‍ 1 ന് റഷ്യയില്‍ നിന്നെത്തിയ മുരിയാട് സ്വദേശി (35), മെയ് 27 ന് മുംബൈയില്‍ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശിനി (26), 27 ന് മുംബൈയില്‍ നിന്നെത്തിയ വലപ്പാട് സ്വദേശി (35) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ 5 വയസ്സുള്ള കുട്ടിയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആകെ ജില്ലയില്‍ 86 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച രണ്ട് പേര്‍ രോഗമുക്തരായി. വീടുകളില്‍ 13410 പേരും ആശുപത്രികളില്‍ 88 പേരും ഉള്‍പ്പെടെ ആകെ 13498 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വ്യാഴാഴ്ച 5 പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 2 പേര്‍ ആശുപത്രി വിട്ടു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 928 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. 589 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നു പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്.

വ്യാഴാഴ്ച 137 സാമ്ബിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 3167 സാമ്ബിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതില്‍ 2517 സാമ്ബിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 650 സാമ്ബിളുകളുടെ പരിശോധനാ ഫലം ലഭിക്കുവാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാമ്ബിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 1049 ആളുകളുടെ സാമ്ബിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്.

വ്യാഴാഴ്ച 440 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നിട്ടുള്ളത്. ഇതുവരെ ആകെ 31609 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള്‍ സെല്ലിലേക്ക് വന്നിട്ടുള്ളത്. 164 പേര്‍ക്ക് വ്യാഴാഴ്ച സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ജില്ലയില്‍ യാത്രക്കാരുമായി വന്ന 8 അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ 42 യാത്രക്കാരെ തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇറക്കുകയും തുടര്‍ന്ന് അവരെ നിര്‍ദിഷ്ട പ്രദേശങ്ങളില്‍ വീടുകളിലും കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളില്‍ ആക്കുകയും ചെയ്തു. വ്യാഴാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലുമായി 660 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച ശക്തന്‍ മാര്‍ക്കറ്റില്‍ 384 പേരെയാണ് സ്‌ക്രീന്‍ ചെയ്തത്. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുത്താമ്ബുള്ളി മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.