കൊച്ചി: ജീവന്‍ തുടിക്കുന്ന ഹൃദയം വഹിച്ചുകൊണ്ടുള്ള ആദ്യ ഹെലികോപ്ടര്‍ ദൗത്യം വിജയം. കൊച്ചി ലിസി ആശുപത്രിയില്‍ ചികില്‍സയിലുള്ള കോതമംഗലം സ്വദേശിയായ 49 വയസുള്ള സ്ത്രീക്കാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള സ്ത്രീയുടെ ഹൃദയം കൊണ്ടുവന്നത്. 3.50ഓടെ എറണാകുളം ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്ത് ഹെലിപ്പാഡിലേക്ക് ഹെലികോപ്ടര്‍ പറന്നിറങ്ങി. ഉടന്‍തന്നെ ഹൃദയം വഹിച്ചുകൊണ്ട് ആരോഗ്യപ്രവര്‍ത്തകരും പൊലീസും ആംബുലന്‍സിലേക്ക് കയറി. നാല് മിനിറ്റില്‍ ആംബുലന്‍സ് ആശുപത്രിയില്‍ എത്തി.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖ്‌റെ നേരിട്ടാണ് കൊച്ചിയിലെ പൊലീസ് ദൗത്യത്തിന് നേതൃത്വം വഹിച്ചത്. ഹൃദയം വഹിച്ചുകൊണ്ടുള്ള സംഘം ആശുപത്രിയിലെത്തി ഉടന്‍ തന്നെ സര്‍ജറി ആരംഭിച്ചു. ഹൃദയം കൊണ്ടുപോകാനായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് പെരിയപ്പുറവും സംഘവും നേരത്തെ തലസ്ഥാനത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ മൃതസജ്ജീവനി പദ്ധതി വഴിയാണ് അവയവം കൈമാറുന്നത്.