തിരുവനന്തപുരം നഗരത്തിലെ ആദ്യ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം പ്രവര്‍ത്തന സജ്ജമായി. ഒരേസമയം 102 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന കേന്ദ്രം നഗരസഭാ ഓഫീസ് വളപ്പിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏഴുനിലകളുള്ള രണ്ടു ബ്ലോക്കുകളിലായാണ് പാര്‍ക്കിംഗ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. പൂര്‍ണമായും യന്ത്രവത്കൃത സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തനം.
പാര്‍ക്കിംഗ് കേന്ദ്രത്തിനു മുന്നിലെത്തുന്ന കാറിന്റെ നമ്പരും നീളവും വീതിയും ഭാരവുമെല്ലാം ഹൈപവര്‍ സെന്‍സര്‍ സംവിധാനം ഉപയോഗിച്ച് ഹൈടെക് സെന്ററില്‍ രേഖപ്പെടുത്തും. ശേഷം കാര്‍ ബൂത്തില്‍ നിന്ന് ടോക്കണ്‍ നല്‍കും. ഏത് നിലയിലാണ് പാര്‍ക്കിംഗ് എന്ന് ഈ ടോക്കണില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. പാര്‍ക്കിംഗ് കേന്ദ്രത്തിനു മുന്നിലെ സെന്‍സറില്‍ ടോക്കണ്‍ സൈ്വപ്പ് ചെയ്യുമ്പോള്‍ ഏത് നിലയിലാണോ പാര്‍ക്ക് ചെയ്യേണ്ടത്, അവിടുത്തെ റാംപ് താഴേക്കു വരും. വാഹനം റാംപില്‍ കയറ്റിയ ശേഷം ഡ്രൈവര്‍ പുറത്തേക്കിറങ്ങണം. തുടര്‍ന്ന് റാംപ് മുകളിലേക്കു പോയി പാര്‍ക്ക് ചെയ്യേണ്ട സ്ഥലത്ത് വാഹനത്തെ എത്തിക്കും.
അമൃത് പദ്ധതിയുടെ ഭാഗമായാണ് പാര്‍ക്കിംഗ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്തും മെഡിക്കല്‍ കോളജ് കാമ്പസിലുമായി രണ്ടുകേന്ദ്രങ്ങള്‍ കൂടി വൈകാതെ സജ്ജമാകും. നഗരത്തില്‍ തലവേദന സൃഷ്ടിക്കുന്ന പാര്‍ക്കിംഗ് പ്രശ്‌നത്തിന് ഇതോടെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധൃകൃതര്‍. പാര്‍ക്കിംഗ് ഫീസ് സംബന്ധിച്ച് തീരുമാനമായിട്ടില്ല.