അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന്‍ പെസഹ ആചരിക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദേവാലയ ശുശ്രൂഷകള്‍ ഇത്തവണ ഇല്ലെങ്കിലും ഭവനങ്ങളെ ദേവാലയമാക്കി വിശ്വാസികള്‍ ടെലിവിഷന്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ശുശ്രൂഷകളില്‍ ഭാഗഭാക്കാകുന്നുണ്ട്. മെത്രാന്‍മാരും വൈദികരും ദേവാലയങ്ങളിൽ ജനപങ്കാളിത്തമില്ലാതെ ശുശ്രൂഷകള്‍ നടത്തുന്നുണ്ട്. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ചുള്ള കാല്‍ കഴുകല്‍ ശുശ്രൂഷ പ്രതികൂലമായ സാഹചര്യമായതിനാല്‍ ഇത്തവണ നടക്കുന്നില്ല. കുരിശുമരണത്തിന്‌ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ഭവനങ്ങളില്‍ വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും.

അപ്പം മുറിക്കൽ ചടങ്ങ് വീട്ടിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരിന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നേതൃത്വം നല്‍കുന്ന പെസഹാ തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന് ആരംഭിച്ചു. 8.30നു പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. വൈകുന്നേരം 5.30 മുതലാണ് പാളയം കത്തീഡ്രല്‍ ദേവാലയത്തില്‍ ശുശ്രൂഷകള്‍ നടക്കുക.