മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിരുന്നു ഇന്ദ്രജ. മലയാളത്തിന് പുറമെ തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിലും തിളങ്ങിയ ഇന്ദ്രജ പിന്നീട് ടെലിവിഷന്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടു കയ്യടി നേടി. മികച്ച നര്‍ത്തകി കൂടിയായ ഇന്ദ്രജയുടെ ഭര്‍ത്താവിന് സീരിയല്‍ രംഗത്താണ് ജോലി.

ഇപ്പോഴിതാ, ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കില്‍ അതെങ്ങനെ ആയിരിക്കണമെന്ന് പറയുകയാണ് ഇന്ദ്രജ. കൈരളി ടിവിയിലെ ജെ ബി ജങ്ക്ഷന്‍ പരിപാടിയില്‍ വെച്ച്‌ ജോണ്‍ ബ്രിട്ടാസ് ആണ് ഇന്ദ്രജയോട് ആ ചോദ്യം ചോദിച്ചത്. മോഹന്‍ലാലിനൊപ്പം നായിക വേഷം ചെയ്തു കൊണ്ട്, ഗുരുവിനൊപ്പം ഒരു മാസത്തെ ഡാന്‍സ് ഷോ, മമ്മൂട്ടിക്കൊപ്പം പോലീസ് വേഷം, അല്ലെങ്കില്‍ ഭര്‍ത്താവിനൊപ്പം ഒരു സീരിയല്‍ എന്നിങ്ങനെ ആയിരുന്നു ഓപ്ഷന്‍സ്.

ഇന്ദ്രജ തിരഞ്ഞെടുത്തത് മോഹന്‍ലാലിന്റെ നായികാ വേഷമാണ്. സൂപ്പര്‍ ഹിറ്റ് സിബി മലയില്‍ ചിത്രമായ ഉസ്താദിലാണ് ഇന്ദ്രജ ആദ്യമായി മോഹന്‍ലാലിന്റെ നായികാ വേഷം ചെയ്യുന്നത്. അതിനു ശേഷം ശ്രദ്ധ എന്ന ഐ വി ശശി ചിത്രത്തിലും ഇന്ദ്രജ മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചു.

മമ്മൂട്ടിക്കൊപ്പം ഗോഡ് മാന്‍, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിക്ക് ഒപ്പം എഫ് ഐ, അഗ്‌നി നക്ഷത്രം, ആര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കൂടാതെ ഇന്‍ഡിപെന്‍ഡന്‍സ്, ഉന്നതങ്ങളില്‍, കൃഷ്ണാ ഗോപാലകൃഷ്ണ, ചേരി, അച്ഛന്റെ കൊച്ചുമോള്‍, റിലാക്‌സ്, വാര്‍ ആന്‍ഡ് ലവ്, താളമേളം, മയിലാട്ടം, ലോകനാഥന്‍ ഐ എ എസ്, ബെന്‍ ജോണ്‍സന്‍, ഹൈവെ പോലീസ്, നരകാസുരന്‍, ഇന്ദ്രജിത് എന്നിവയാണ് ഇന്ദ്രജ അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.