ദുബായ് : തമിഴ്നാട്ടില്‍ കുടുങ്ങിയ മകനെ ഭാര്യയുടെയും ഇളയ മകന്റെയും അടുത്ത് എത്തിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ വാഗ്ദാനം നല്‍കിയ മലയാളി വ്യവസായിക്ക് ആശ്വാസം.

അബുദാബി മുസഫയിലുള്ള വ്യവസായി ഹരിപ്പാട് കാര്‍ത്തികപ്പള്ളി പോക്കാട്ട് കെ.ആര്‍ ശ്രീകുമാറാണ് ചെന്നൈയില്‍ സിഎ പഠനം പൂര്‍ത്തിയായി ലോക്ഡൗണില്‍ കുടുങ്ങിയ മകന്‍ അനന്തപദ്മനാഭനെ ഭാര്യ സുനിതയും ഇളയമകന്‍ വിഷ്ണുനാരായണനും കഴിയുന്ന മംഗലാപുരത്ത് എത്തിക്കുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്തത്.

അബുദാബിയില്‍ വരും മുമ്ബ് 19 വര്‍ഷം മംഗലാപുരത്ത് ജോലി ചെയ്തിരുന്നതിനാലും ഒമ്ബതാംക്ലാസില്‍ പഠിക്കുന്ന മകന് കോച്ചിങ് ക്ലാസ് സൗകര്യമുള്ളതിനാലുമാണ് ഭാര്യയ്ക്കൊപ്പം അവിടെ നിര്‍ത്തിയിരിക്കുന്നത്.

തമിഴ്നാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് എയര്‍ ആംബുലന്‍സ് വിളിച്ചാലും ഒമ്ബതു ലക്ഷം രൂപയാകും. ഒരു ലക്ഷം രൂപയോളം മറ്റ് ചെലവുകള്‍ക്കുമാകും. അതിനാലാണ് പത്തുലക്ഷം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയായിരുന്നു ഇതിനുള്ള അവസാനദിവസമായി വച്ചിരുന്നത്. അനന്തപദ്മനാഭന്റെ സുഹൃത്തു തന്നെ കോണ്‍ഗ്രസ് എംഎല്‍എയെ കണ്ട് അപേക്ഷ നല്‍കി കര്‍ണാടകത്തിലേക്ക് പോകാന്‍ പാസ്സ് സംഘടിപ്പിച്ചതോടെ പ്രശ്നം പരിഹരിച്ചെന്ന് ശ്രീകുമാര്‍ പറഞ്ഞു.