തിരുവനന്തപുരം: സ്പേസ് പാര്‍ക്കില്‍ നിയമിക്കുമ്ബോള്‍ തനിക്കു യോഗ്യതയില്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. സ്വപ്നയേയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണു സ്വപ്നയുടെ വെളിപ്പെടുത്തല്‍.

സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജര്‍ തസ്തികയിലാണു സ്വപ്നയെ ശിവശങ്കറിന്റെ ശുപാര്‍ശയിന്മേല്‍ നിയമിച്ചത്. വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണ് ഇതിനായി സ്വപ്ന ഹാജരാക്കിയത്. ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളും ശിവശങ്കര്‍ നിഷേധിച്ചതോടെയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് വ്യക്തത വരുത്തിയത്. സ്വപ്നയെയും ശിവശങ്കറിനെയും സരിത്തിനെയും ഇരുത്തി ചോദ്യം ചെയ്ത വിവരങ്ങള്‍ കസ്റ്റംസ് വിഡിയോ റിക്കോര്‍ഡിങ് നടത്തിയിട്ടുണ്ട്.

അതേസമയം ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയാല്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹിചര്യത്തിലാണ് നടപടി.

കസ്റ്റസി കാലാവധി പൂര്‍ത്തിയാക്കിയ കസ്റ്റംസ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. ശിവശങ്കറുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയതെന്നാണ് സൂചന.