തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി കൊല്ലം അരിപ്പ സമരഭൂമിയിലെ 600ഓളം കുടുംബങ്ങള്‍. ‘ആദ്യം ഭൂമി അതിനുശേഷം വോട്ട്’ എന്ന മുദ്രാവാക്യവുമായാണ് തെരഞ്ഞെടുപ്പിനെ സമരഭൂമിയിലെ ആദിവാസികള്‍ കാണുന്നത്.

സ്വന്തമായി ഒരു തുണ്ടുഭൂമിക്കായി അരിപ്പയില്‍ കുടുംബങ്ങള്‍ സമരം തുടങ്ങിയിട്ട് ഒന്‍പത് വര്‍ഷം പിന്നിടുന്നു. പ്ലാസ്റ്റിക് ഷെഡ്ഡുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യങ്ങളില്ലാതെയാണ് ഇവരുടെ താമസം.

കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം പോലും സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ല. സമരഭൂമിയിലെ ആളുകളുടെ ശ്രമഫലമായി സോളാര്‍ സഹായത്തോടെയാണ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കിയത്. ഇതിനെതിരെയുള്ള പ്രതിഷേധം ആണ് ഇവര്‍ക്ക് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം.

 

ചതുപ്പുനിലം കൃഷി യോഗ്യമാക്കി നെല്‍കൃഷി ചെയ്തതും സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇടതു- വലതു മുന്നണികള്‍ ഭരണത്തില്‍ വന്നിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു. 1500 ലധികം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇവരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം മേഖലയിലെ പോളിംഗ് ശതമാനത്തെ തന്നെ കാര്യമായി ബാധിക്കും.