തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ഇന്ന് വിധിയെഴുതാനായി പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം. സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒന്നരലക്ഷം പോളിംഗ് ഉദ്യോഗസ്ഥരാണ് രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. രാവിലെ മുതല്‍ പോളിംഗ് സ്റ്റേഷനുകളില്‍ മോക് പോളിംഗ് ആരംഭിച്ചിട്ടുണ്ട്. കൃത്യം ഏഴുമണിക്ക് വോട്ടിംഗ് ആരംഭിക്കും.
ആധിപത്യം ഉറപ്പിക്കാന്‍ ഇരുമുന്നണികളും അരയും തലയും മുറുക്കി ഇറങ്ങിയതോടെ ഇത്തവണ മത്സരം പൊടിപാറുകയാണ്. ശ്രദ്ധേയസാന്നിധ്യമാകാന്‍ ബിജെപിയും വീറോടെ പടക്കളത്തിലുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ ആരോപണ പ്രത്യാരോപണങ്ങള്‍ മുതല്‍ പ്രാദേശികവിഷയങ്ങള്‍ വരെ മാറ്റുരച്ച പ്രചണ്ഡ പ്രചാരണങ്ങള്‍ക്കൊടുവിലാണ് അഞ്ചു ജില്ലകളിലെ വോട്ടെടുപ്പ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കും കെടുത്താനാകാത്ത ആവേശമായിരുന്നു എങ്ങും. നിശബ്ദപ്രചരണ ദിവസവും വിശ്രമമില്ലാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വോട്ടര്‍മാരെ തേടിയിറങ്ങി.