അത്‌ലാന്റ (യു എസ് എ): പ്രശസ്ത ക്രിസ്ത്യൻ അപ്പൊളജിസ്റ്റും വേദശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. രവി സഖറിയാസ് അത്‌ലാന്റയിൽ നിര്യാതനായി.

ഡോക്ടർ രവി സഖറിയ 1984-ൽ സ്ഥാപിച്ച രവി സഖറിയാസ് ഇൻറർനാഷണൽ മിനിസ്ട്രിസിലൂടെ (RZIM) ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിവിധ തുറകളിലുള്ളവരുമായി നിരന്തരം സംവദിച്ചിരുന്നു. ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ വിദഗ്ദ്ധനായിരുന്നു ഡോ.രവി സഖറിയാസ്. ഉയർന്ന ബൗദ്ധിക നിലവാരത്തിലുള്ളവരുടെ മുതൽ സാധാരണക്കാരുടെ വരെ വിശ്വാസ സംബന്ധിയായതും ബൈബിൾ അടിസ്ഥാനപ്പെടുത്തിയുമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ അദ്ദേഹം നൽകിയിരുന്നു. പ്രശസ്തമായ ടിവി ഷോകൾ, പ്രഭാഷണങ്ങൾ, എന്നിവയിലൂടെ ജനത്തിൻ്റെ ശ്രദ്ധയാകർഷിച്ച ഡോക്ടർ രവി സഖറിയാസ് ഒട്ടേറെ പ്രശസ്ത ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

70 ലധികം രാജ്യങ്ങളിൽ അദ്ദേഹം പ്രസംഗിക്കുകയും തന്റെ 48 വർഷത്തെ മിനിസ്ട്രി ജീവിതത്തിൽ 30 ലധികം പുസ്തകങ്ങൾ രചിക്കുകയും ചെയ്തു. തന്റെ പല രചനകളും അമേരിക്കയിലും മറ്റ് ലോക രാജ്യങ്ങളിലും ബെസ്റ്റ് സെല്ലറുകൾ ആയി മാറിയിട്ടുണ്ട്. ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം കാനഡയിലേക്ക് കുടിയേറി.  ഒന്റാറിയോ ബൈബിൾ കോളേജിലെയും (ഇപ്പോൾ ടിൻഡേൽ യൂണിവേഴ്‌സിറ്റി) ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെയും ബിരുദധാരിയായ ഇദ്ദേഹത്തെ 1977 ൽ അമേരിക്കയുടെ ദേശീയ സുവിശേഷകനായി നിയമിക്കുകയും 1980 ൽ സി എം എ യിൽ നിയമിക്കുകയും ചെയ്തു.

ഒരു നാമഥേയ ക്രിസ്തീയ കുടുംബത്തിൽ മാർച്ച് 26, 1946-ൽ ചെന്നൈയിൽ തമിഴ്നാട്കാരിയായ അമ്മയ്ക്കും, മലയാളിയായ പിതാവിന്റേയും മകനായി ജനനം. പിതാവിനു ഡിഫൻസ് മിനിസ്ട്രിയിൽ ജോലി ആയതിനാൽ ഇദ്ദേഹത്തിന്റെ നാലാം വയസ്സിൽ മാതാപിതാക്കൾ ഡൽഹിയിലേക്ക് താമസം മാറി.

1966 കുടുംബമായി കാനഡായിലേക്ക് കുടിയേറിപാർത്തു. ഇന്ന് ടിൻഡെയിൽ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന ഒന്റാറിയോ ബൈബിൾ കോളേജിൽ 1972 -ൽ കോളേജ് പഠനം ആരംഭിച്ചു. തുടർന്ന് ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കി.

1972-ൽ മാർഗരറ്റ് റെയ്നോൾഡ്സ് എന്ന വനിതയെ വിവാഹം കഴിച്ചു. ഇവർക്ക് മൂന്നു മക്കൾ ഉണ്ട്.