ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കസ്റ്റംസ് ആണ് ചോദ്യം ചെയ്യുന്നത്. കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതിനും ഉന്നതരെ കുറിച്ച് തെളിവ് ലഭിക്കുന്നതിന് വേണ്ടിയുമാണ് ചോദ്യം ചെയ്യല്‍.

 

യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് കൈക്കൂലിയായ നാലര കോടി ഡോളര്‍ നല്‍കിയ വിവരം സന്തോഷ് ഈപ്പന്‍ കസ്റ്റംസിനെ അറിയിച്ചു. കേസില്‍ ഇനിയും കൂടുതല്‍ ഉന്നതരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്ന് വിവരം.

കഴിഞ്ഞ ദിവസം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെ കേന്ദ്ര സേന സുരക്ഷ പിന്‍വലിച്ചിരുന്നു. സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ ഭീഷണിയെ തുടര്‍ന്നാണ് കേന്ദ്ര സേനയെ നിയോഗിച്ചിരുന്നത്. ഇനി പൊലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര നിര്‍ദേശം.

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും വധഭീഷണി ഉണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ കേന്ദ്ര സേനയെ നിയോഗിച്ചത്. എന്നാല്‍ ഇനി സംസ്ഥാന പൊലീസിന്റെ സഹായം തേടിയാല്‍ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.