ജനീവ: ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി​.ഒ) മേധാവി സ്ഥാനം റോബര്‍ട്ടോ അസിവേദോ രാജിവെച്ചു. കോവിഡ് വൈറസ് ബാധ ആഗോള സമ്ബദ് വ്യവസ്ഥയെയും വ്യാപാരത്തെയും ആഴത്തില്‍ ബാധിച്ച സാഹചര്യത്തിലാണ് അസിവേദോയുടെ രാജി എന്നതാണ് പ്രധാനം.

മെയ് 14ന് ലോക വ്യാപാര സംഘടനയിലെ അംഗങ്ങളുടെ യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 31 വരെ നിലവിലെ പദവിയില്‍ അസിവേദോ തുടരുമെന്നും ഡബ്ല്യു.ടി​.ഒ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

രാജി പ്രഖ്യാപനം വ്യക്തിപരമായ തീരുമാനമാണെന്നും സംഘടനയുടെ മികച്ച താല്‍പര്യത്തിന് യോജിച്ചതാണെന്നും അസിവേദോ വ്യക്തമാക്കി.

62കാരനായ അസിവേദോക്ക് 2021 സെപ്റ്റംബര്‍ വരെ കാലാവധി ഉണ്ടായിരുന്നു. പുതിയ മേധാവിയെ അടുത്ത മാസം തെരഞ്ഞെടുത്തേക്കും.