തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങും. ജൂലായ് 31 വരെയാണ് നിരോധനം. കടലില്‍ പോയ ബോട്ടുകള്‍ അതിനു മുമ്ബ് കരയിലെത്തണം. മറ്റു സംസ്ഥാന ബോട്ടുകള്‍ ഈ സമയത്തിന് മുമ്ബ് കേരളതീരം വിട്ട് പോകണം. മത്സ്യത്തൊഴിലാളികളും യൂണിയനുകളും സഹകരിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അഭ്യര്‍ത്ഥിച്ചു.

തൊഴിലാളികള്‍ക്കുള്ള സഹായ ധനവിഹിതം കേന്ദ്രത്തില്‍ നിന്ന് ലഭിക്കാന്‍ കാലതാമസം നേരിട്ടാലും കേരളത്തില്‍ സമയബന്ധിതമായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സമുദ്ര മത്സ്യോത്‌പാദനം വര്‍ധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിങ് നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയന്‍-സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭ്യര്‍ഥിച്ചു.

ട്രോളിങ് സമയത്തുള്ള പട്രോളിങ്ങിനും കടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 സ്വകാര്യ ബോട്ടുകള്‍ ഉപയോഗിക്കും. ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലുമുള്ള പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച രാത്രി അവസാനിക്കും. ട്രോളിങ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മറൈന്‍ ആംബുലന്‍സ് ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.