ഇന്ത്യയുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനു മധ്യസ്ഥശ്രമം നടത്താന്‍ സന്നദ്ധത അറിയിച്ചുളള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം തള്ളി ചൈന.
ചര്‍ച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും പ്രശ്നങ്ങള്‍ ശരിയായി പരിഹരിക്കാന്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും കഴിയുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനങ്ങളും ആശയവിനിമയ മാര്‍ഗങ്ങളും നിലവിലുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമം നടത്താന്‍ തയാറാണെന്നാണ് ട്രംപ് പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യത വര്‍ധിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഇടപെടല്‍.
എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുളള ഭിന്നതകള്‍ പരിഹരിക്കാന്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്നു ചൂണ്ടിക്കാണിച്ച് ചൈന വാഗ്ദാനം തള്ളുകയായിരുന്നു. കോവിഡ് വ്യാപനം തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം ചൈന നിയന്ത്രണരേഖയില്‍ സൈനികരെ വിന്യസിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു.
നേരത്തെ, ട്രംപിന്റെ വാഗ്ദാനം തള്ളി ഇന്ത്യയും രംഗത്തെത്തിയിരുന്നു. നിയന്ത്രണരേഖയില്‍ നിലവിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.