വാഷിംഗ്ടൺ ഡിസി: സൈന്യത്തെ അപമാനിച്ചുവെന്ന ആരോപണം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു തലവേദനയാകുന്നു. യുദ്ധത്തിൽ മരിച്ച സൈനികരെ ‘പരാജിതർ’ എന്നുവിളിച്ച് അധിക്ഷേപിച്ചുവെന്നാണ് ആരോപണം. ട്രംപിന്റെ 2018-ലെ പാരീസ് സന്ദർശനത്തിനിടെയാണ് വിവാദ പരാമർശങ്ങൾ ഉണ്ടായതെന്ന് വാർത്ത പുറത്തുവിട്ട അറ്റ്ലാന്റിക് മാഗസിന് റിപ്പോർട്ട് ചെയ്തു.
പാരീസ് പ്രാന്തത്തിലുള്ള യുഎസ് സെമിത്തേരി സന്ദർശനം ട്രംപ് അന്ന് റദ്ദാക്കിയിരുന്നു. സെ മിത്തേരി പരാജിതരെക്കൊണ്ടു നിറഞ്ഞ സ്ഥലമാണെന്ന് അദ്ദേഹം പറഞ്ഞുവത്രേ. “കനത്ത മഴയ്ക്കിടെ അങ്ങോട്ടു പോയാൽ തന്റെ മുടി ഉലഞ്ഞുപോകും, മരിച്ച പട്ടാളക്കാരെ ബഹുമാനിക്കുന്നതിൽ കാര്യമില്ല” തുടങ്ങിയ പരാമർശങ്ങളും നടത്തി. രണ്ടാം ലോകമഹായുദ്ധത്തിനിടെ ജർമൻ സൈനികരുടെ പാരീസ് അധിനിവേശം തടയുന്നതിനിടെ മരിച്ച 1,800 യുഎസ് സൈനികരെ അപമാനിക്കുന്ന പരാമർശവും ട്രംപ് നടത്തിയത്രേ.
അതേസമയം ആരോപണങ്ങൾ ട്രംപ് നിഷേധിച്ചു. പട്ടാളത്തെയും മരിച്ച സൈനികരെയും അപമാനിക്കുന്ന പരാമർശങ്ങൾ താൻ നടത്തില്ലെന്നും റിപ്പോർട്ട് വ്യാജവാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്ന റിപ്പോർട്ടുകൾ ട്രംപിനു ദോഷം ചെയ്തേക്കാം. വിരമിച്ച സൈനികർ ട്രംപിനെതിരേ രംഗത്തുവന്നിട്ടുണ്ട്.