പി.പി. ചെറിയാന്‍
ഓസ്റ്റിൻ ∙ ടെക്സസിൽ കോവിഡ് 19 വ്യാപകമായതിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർധന. ഞായറാഴ്ച സംസ്ഥാനത്ത് 8681 കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണത്തിൽ റെക്കാർഡിട്ടത് (9000).
ഞായറാഴ്ച 92 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ചു ടെക്സസിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 23055 ആണ്. അമേരിക്കയിൽ ഇത്രയും അധികം രോഗികൾ മരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ടെക്സസ്. കഴിഞ്ഞ രണ്ടു ആഴ്ചയിൽ രോഗികളുടെ എണ്ണം 24.8 ശതമാനമാണ് വർധിച്ചിട്ടുള്ളത്. കൊറോണ വൈറസ് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ വളരെ അധികമാണെന്നാണ് അധികൃതരുടെ റിപ്പോർട്ട്.
ടെക്സസിലേക്ക് 1.4 മില്യൻ ഡോസ് കോവിഡ് 19 വാക്സീൻ ആദ്യഘട്ടമായി അയച്ചിട്ടുണ്ടെന്ന് സിഡിസി അറിയിച്ചതായി ഗവർണർ ഗ്രോഗ് ഏബട്ട് പറഞ്ഞു. ഡിസംബർ 14 ന് വാക്സീൻ ടെക്സസിൽ ലഭിക്കുമെന്നും ഗവർണർ വ്യക്തമാക്കി..