കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫ് ജയിലില്‍നിന്ന് സാക്ഷികളെ ഫോണില്‍ വിളിച്ച്‌ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പരാതി. കൊല്ലപ്പെട്ട റോയ് തോമസിന്റെയും ജോളിയുടെയും മകന്‍ റോമോ അടക്കമുള്ളവരെ നിരവധി തവണ വിളിച്ചുവെന്നാണു പരാതി. കേസിലെ മുഖ്യ സാക്ഷിയാണു റോമോ.

റോമോ ഉള്‍പ്പെടെയുള്ളവരെ കോഴിക്കോട് ജില്ലാ ജയില്‍നിന്ന് ജോളി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വിളിച്ച്‌ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച്‌ ബന്ധുക്കള്‍ ഉത്തരമേഖല ഐ.ജി. അശോക്‌ യാദവിനാണ് പരാതി നല്‍കിയത്. ജോളി ജയിലില്‍നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വിളിക്കുന്നുവെന്നാണു പൊലീസിന്റെ റിപ്പോര്‍ട്ട്.

ഇതേത്തുടര്‍ന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശ പ്രകാരം ഡിഐജി വിനോദ് കുമാര്‍ മൂന്നു ദിവസം മുന്‍പ് ജില്ലാ ജയിലെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജയിലില്‍ ജോളി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും തടവുകാര്‍ക്കായി നല്‍കിയ ഔദ്യോഗിക നമ്ബറില്‍നിന്നാണ് വിളിച്ചതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്.

തടവുകാര്‍ക്കുവേണ്ടി സ്ഥാപിച്ച സ്മാര്‍ട്ട് പേ ഫോണ്‍ കാര്‍ഡ് സംവിധാനത്തില്‍നിന്നുള്ള ഫോണ്‍ വിളി മൊബൈല്‍ നമ്ബറായി തെറ്റിദ്ധരിച്ചതാണെന്ന് ജില്ലാ ജയില്‍ സൂപ്രണ്ട് വി.ജയകുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“സംസ്ഥാനത്തെ എല്ലാ ജയിലുകളിലുമുള്ള 10 അക്ക നമ്ബര്‍ സംവിധാനമാണിത്. ഈ സംവിധാനത്തില്‍നിന്ന് ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് ഉപയോഗിച്ചാണു തടവുകാര്‍ വിളിക്കുന്നത്. തടവുകാര്‍ നല്‍കുന്ന മൂന്ന് നമ്ബറുകള്‍ കാര്‍ഡില്‍ നേരത്തെ ഫീഡ് ചെയ്തു വയ്ക്കും. ഈ നമ്ബറുകളിലേക്കു മാത്രമേ വിളിക്കാന്‍ കഴിയൂ. ഫോണ്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണു വിളിക്കുന്നത്. ഭീഷണിപ്പെടുത്തിയ കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ല,” സൂപ്രണ്ട് പറഞ്ഞു.

ജോളിയുടെ അപേക്ഷയനുസരിച്ച്‌ അഭിഭാഷകന്റെയും മകന്റെയും ഉള്‍പ്പെടെയുള്ള മൂന്ന് നമ്ബറാണ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ തടവുകാര്‍ നല്‍കുന്ന നമ്ബറുകള്‍ ആരുടേതാണെന്നു പരിശോധിക്കാതെ കാര്‍ഡില്‍ ഉള്‍പ്പെടുത്തുകയാണു ചെയ്യുന്നതെന്നും പരാതി ലഭിച്ചാല്‍ മാത്രമേ ആ നമ്ബറിലേക്കുള്ള വിളി തടയാന്‍ കഴിയൂയെന്നും സൂപ്രണ്ട് പറഞ്ഞു.

കേസിലെ സാക്ഷിയായതിനാല്‍ മകനെ വിളിക്കാന്‍ പാടില്ലെന്നു പറയാന്‍ കഴിയില്ല. കൂടത്തായി കേസിലെ സാക്ഷിപ്പട്ടിക ജയിലില്‍ ലഭിച്ചിട്ടില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതൊരു ക്രിമിനല്‍ കുറ്റമാണെന്നും പരാതി നല്‍കാവുന്നതാണെന്നും സൂപ്രണ്ട് പറഞ്ഞു. തങ്ങള്‍ക്ക് ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.

തടവുകാര്‍ ഫോണ്‍ വിളിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ കോള്‍ റെക്കോഡ് ചെയ്യാന്‍ നിലവില്‍ കഴിയില്ല. ഈ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നാണു സംവിധാനം സ്ഥാപിച്ച കമ്ബനി അറിയിച്ചിരിക്കുന്നതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ജില്ലാ ജയിലെ വനിതാ ബ്ലോക്കില്‍ ഒന്നും പുരുഷ ബ്ലോക്കില്‍ മൂന്നും യന്ത്രങ്ങളാണു തടവുകാരുടെ ഫോണ്‍വിളിക്കായി സ്ഥാപിച്ചിരിക്കുന്നത്. മാസത്തില്‍ 250-350 മിനുട്ടാണ് തടവുകാര്‍ക്ക് വിളിക്കാന്‍ കഴിയുക. സാധാരണഗതിയില്‍ ഒരു തവണ പരമാവധി 10 മിനുട്ടാണ് വിളിക്കാന്‍ അനുവദിക്കപ്പെട്ട സമയം. എന്നാല്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ ബന്ധുക്കള്‍ക്കു ജയിലുള്ളവരെ കാണാന്‍ അവസരമില്ലാത്തതിനാല്‍ ഫോണ്‍ വിളി സമയത്തിനുള്ള നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. തടവുകാരുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ ഉദ്ദേശിച്ചതാണിത്.

മേയ് 20നാണു ജോളി അവസാനമായി മകനെ വിളിച്ചത്. ഈ വിളി 20 മിനുട്ടോളം നീണ്ടുവെന്നാണു ജയില്‍ അധികൃതരില്‍നിന്നു ലഭിക്കുന്ന വിവരം. അതേസമയം, തന്നെ ഇനി വിളിക്കരുതെന്ന് റോമോ ജോളിയോട് പറഞ്ഞിട്ടുണ്ടെന്നാണു ബന്ധുക്കള്‍ പറയുന്നത്.