കൊറോണ വൈറസ് മൂലമുണ്ടാകുന്ന കൊവിഡ് 19 പൂര്‍ണമായി ഇല്ലാതാക്കാന്‍ നിലവിലത്തെ സാഹചര്യത്തില്‍ ആവില്ലെന്ന് ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്. ഈ സാഹചര്യത്തില്‍ ഇതുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ പഠിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ കേരളീയ പൊതു സമൂഹവും ജീവിതശൈലി മാറ്റണം. മാസ്‌കും ശാരീരിക അകലം പാലിക്കലും ജീവിതശൈലിയായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ വാക്സിനോ മരുന്നോ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ഇത് ലോകത്തില്‍ തുടരുമെന്നാണ് വ്യക്തമാക്കുന്നത് ഈ സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ വേണ്ടിയുള്ള മാറ്റം ജീവിതത്തില്‍ വരുത്തണം.

തിക്കും തിരക്കും ഉണ്ടാകാത്ത വിധം കച്ചവട സ്ഥാപനം. ചന്ത, പൊതുഗതാഗത സംവിധാനം എന്നിവിടങ്ങളില്‍ ക്രമീകരണം ഉണ്ടാകേണ്ടതുണ്ട്. അത്യാവശ്യ യാത്രകളും മറ്റും ക്രമീകരിക്കുക. ആളുകളുടെ എണ്ണത്തിലും ക്രമീകരണം നടത്തണം.ഇതിനായി വ്യക്തികളും കുടുംബങ്ങളും സ്വയമേവ തയ്യാറാകണം.
റസ്റ്ററന്രുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മുന്‍കൂട്ടി സമയം നിശ്ചയിച്ച്‌ ടൈം സ്ലോട്ട് നല്‍കുന്ന കാര്യം പരിഗണിക്കണം. ലോക്ക് ഡൗണ്‍ തുറന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകള്‍ കൊറോണയെ കരുതിക്കൊണ്ടായിരിക്കണം ജീവിക്കേണ്ടത്.

കൊവിഡ് 19 മനുഷ്യജീവന്‍ കവര്‍ന്നെടുത്ത് വിനാശകരമായിത്തീര്‍ന്ന സാഹചര്യമാണ് നമുക്ക് ചുറ്റുമുള്ളത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞത്. അവരുടെ വേര്‍പാട് വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.