വാഷിംഗ്‌ടണ്‍ ഡി.സി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ട്വീറ്റ് പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. “വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മദിന വാര്‍ഷികാചരണം ഇന്നാണ്. ജന്മദിന ആശംസകള്‍!” എന്നാണ് ട്രംപിന്റെ ട്വീറ്റില്‍ പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രംപിന്റെ ട്വീറ്റിന് 98,000 ത്തോളം ലൈക്കുകളും 17,000 റീ ട്വീറ്റുകളും ലഭിച്ചു കഴിഞ്ഞു. നിരവധി കമന്റുകളാണ് ഈ ട്വീറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. “മഹാന്‍മാരായ വിശുദ്ധരില്‍ ഒരാളുടെ ജന്മദിന വാര്‍ഷികം ആശംസിക്കുവാന്‍ പ്രസിഡന്റ് സമയം കണ്ടെത്തിയതിനെ വിശേഷിപ്പിക്കുവാന്‍ വാക്കുകളില്ല. വിശുദ്ധ ജോണ്‍ പോള്‍ II, ഞങ്ങള്‍ക്ക് വേണ്ടിയും ഞങ്ങളുടെ രാഷ്ട്രത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമേ” തുടങ്ങീ നിരവധി പ്രതികരണങ്ങളാണ് ട്രംപിന്റെ ട്വീറ്റില്‍ കാണുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ ഇതിനും മുന്‍പും ട്രംപ് പരസ്യമായി സ്മരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ വിശുദ്ധന്റെ ആദ്യ പോളണ്ട് തീര്‍ത്ഥാടനത്തിന്റെ നാല്‍പ്പതാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ദശലക്ഷകണക്കിന് സ്ത്രീ പുരുഷ ഹൃദയങ്ങളില്‍ സ്വാതന്ത്രവും ഭാസുരവുമായ ഒരു ജീവിതം കണ്ടെത്തുവാന്‍ വേണ്ട ധൈര്യവും നല്‍കിയത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണെന്നായിരിന്നു ട്രംപ് പറഞ്ഞത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗത്തിലൂടെ വിശുദ്ധന്‍ പറഞ്ഞ വാക്കുകള്‍ പോളണ്ടിലേയും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയും കമ്മ്യൂണിസത്തിനെതിരെ നിലകൊണ്ട ശക്തമായ മതിലായിരുന്നുവെന്നും അന്നു അദ്ദേഹം പറഞ്ഞിരിന്നു. വൈറ്റ് ഹൗസ് സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ കൂടിയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. 1979 ഒക്ടോബര്‍ 7ന് സന്ദര്‍ശനത്തോട് അനുബന്ധിച്ച് വാഷിംഗ്‌ടണില്‍ വിശുദ്ധന്‍ അര്‍പ്പിച്ച കുര്‍ബാനയില്‍ രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ് പങ്കെടുത്തത്.