• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുന്നു എന്നതിന്റെ വ്യക്തമായ സൂചനകള്‍ ആശുപത്രികളില്‍ നിന്നും ലഭ്യമാകുന്നു. രാജ്യത്തെ ആശുപത്രികളില്‍ മിക്കയിടത്തും രോഗവ്യാപനത്തിന്റെ സൂചനകളില്ല. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളില്‍ മാത്രമാണ് മരണസംഖ്യയില്‍ വര്‍ധനവ്. ശേഷിച്ച സംസ്ഥാനങ്ങള്‍ സ്‌റ്റേ അറ്റ് ഹോം ഉത്തരവില്‍ പോലും ഇളവുകള്‍ അനുവദിച്ചു കഴിഞ്ഞു. ഇപ്പോള്‍ രാജ്യത്ത് 67,552 പേരാണ് കോവിഡ് മൂലം മരിച്ചത്. രോഗബാധിതരുടെ എണ്ണം 1,165,868 ആയി ഉയര്‍ന്നു. ഇതില്‍ പതിനയ്യായിരത്തോളം പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലുണ്ട്. എന്നാല്‍ ഒരിടത്തു നിന്നും പ്രതിസന്ധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നതാണ് കോവിഡ് നിയന്ത്രണത്തിലാകുന്നുവെന്നതിന് അടിസ്ഥാനം.

പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ പ്രതിഷേധത്തിന്റെ പുക ശക്തമായിട്ടുണ്ട്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ പോലും കഴിഞ്ഞ ദിവസം മുതല്‍ പാര്‍ക്കുകളും ബീച്ചുകളും തുറന്നു കൊടുത്തിരുന്നു. സാമൂഹിക അകലം പാലിക്കുന്നതില്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും തിരക്ക് അനിയന്ത്രിതമായാല്‍ ഇളവുകള്‍ റദ്ദാക്കുമെന്ന് ഇരു സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നിട്ടും, നിരവധിപേര്‍ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും പാര്‍ക്കുകളിലേക്ക് ഒഴുകിയെത്തി. സെന്‍ട്രല്‍ പാര്‍ക്കിലെ പുല്‍മേട്ടില്‍, ജനങ്ങള്‍ കൂട്ടം കൂടി. ശരിയായി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വാരാന്ത്യത്തില്‍ നഗരത്തിലുടനീളം ആയിരത്തിലധികം പോലീസ് ഉേദ്യാഗസ്ഥരെ വിന്യസിക്കുമെന്നു ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ പ്രതിഷേധമാണ് ഫെഡറല്‍ സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്നത്. സമരം ചെയ്യാനിറങ്ങുന്നവര്‍ സാമൂഹിക അകലം പാലിക്കാതിരിക്കുന്നത് പകര്‍ച്ചവ്യാധിയുടെ വ്യാപനം വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. പ്രതിഷേധത്തില്‍ പോലും മുന്‍കരുതലുകള്‍ ആവശ്യമാണെന്ന് വെറ്റ് ഹൗസ് കൊറോണ വൈറസ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബിര്‍ക്‌സ് പറഞ്ഞു. കഴിഞ്ഞയാഴ്ച മിഷിഗണ്‍ സ്‌റ്റേറ്റ് കാപ്പിറ്റോളില്‍ നൂറുകണക്കിന് പ്രക്ഷോഭകര്‍ ഒത്തുകൂടിയത് സാമൂഹിക അകലം തകര്‍ത്തു കൊണ്ടാണ്. മെയ് അവസാനം വരെ കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പോരാടുക എന്ന ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മറുടെ പദ്ധതിക്കെതിരേയാണ് സമരം പ്രക്ഷോഭകര്‍ രംഗത്തിറങ്ങിയത്. സംസ്ഥാനങ്ങള്‍ അവരുടെ കമ്മ്യൂണിറ്റികളിലെ കൊറോണ വൈറസ് കേസുകളുടെ ട്രാക്ക് സൂക്ഷിക്കേണ്ടതും ക്രമാനുഗതമായ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും സ്വന്തം മുന്‍കരുതലുകള്‍ പാലിക്കണമെന്നും ടാസ്‌ക് ഫോഴ്‌സ് ശുപാര്‍ശ ചെയ്യുന്നു.

കൊറോണ വ്യാപനം പരിമിതപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നും പുറത്ത് ചൂടുള്ള കാലാവസ്ഥയിലേക്ക് ഇറങ്ങാന്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ തയ്യാറെടുക്കുന്നുവെന്നത് വലിയൊരു പ്രശ്‌നമായി മാറിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍, മേയര്‍ ബില്‍ ഡി ബ്ലാസിയോ പുറത്തിറങ്ങരുതെന്നു ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. ന്യൂജേഴ്‌സിയില്‍ ഗോള്‍ഫ് കോഴ്‌സുകള്‍ വീണ്ടും തുറന്നെങ്കിലും ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ആദ്യകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫി പറഞ്ഞു. ടെക്‌സാസില്‍, സാന്‍ അന്റോണിയോ പ്രദേശത്തെ മൂന്ന് സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറന്നു. ഇത്തരത്തില്‍ തീയേറ്ററുകള്‍ തുറന്നത് രാജ്യത്ത് ആദ്യത്തേതാണ്. മറ്റിടങ്ങളില്‍, നിയന്ത്രണങ്ങള്‍ അഴിച്ചുവിട്ടു സമ്മര്‍ദ്ദം ചെലുത്തുന്ന പ്രതിഷേധക്കാര്‍ കെന്റക്കി തലസ്ഥാനത്തു തടിച്ചുകൂടി. ഫ്‌ലോറിഡ, ഗവര്‍ണര്‍ ഇതിനകം നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സാമ്പത്തിക പ്രതിസന്ധി പുതിയ ഘടത്തിലേക്ക് കടന്നു. തൊഴിലില്ലായ്മ ക്ലെയിമുകള്‍ പലേടത്തും നല്‍കാനാവുന്നില്ലെന്നത് വലിയ പ്രശ്‌നമായിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ഫെഡറല്‍ സഹായത്തിനായി വീണ്ടു അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍, മറ്റൊരു ധനസഹായ പാക്കേജുമായി മുന്നോട്ട് പോകാന്‍ ഭരണകൂടം ഇപ്പോള്‍ തിരക്കു കൂട്ടുന്നില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‌ലോ പറഞ്ഞു. ഇതിനകം അനുവദിച്ച 2 ട്രില്യണ്‍ ഡോളര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഭരണകൂടം നോക്കുന്നു. ഇതിനെ ആശ്രയിച്ചിരിക്കും കൂടുതല്‍ ഫണ്ടിങ്ങ് അനുവദിക്കുന്നതിനെ സംബന്ധിച്ച തീരുമാനമെടുക്കുക.

അടുത്ത സാമ്പത്തിക സഹായ ബില്ല് ഉടനെയുണ്ടാകുമെന്നും ഇതില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കടുത്ത വാഗ്വാദം പലേടത്തും ഉയരുന്നുണ്ട്. കടുത്ത സാമ്പത്തിക സമ്മര്‍ദ്ദമുള്ള സംസ്ഥാനങ്ങള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുമുള്ള സഹായം ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞെങ്കിലും റിപ്പബ്ലിക്കന്‍മാരില്‍ നിന്ന്, പ്രത്യേകിച്ച് സെനറ്റില്‍ നിന്ന് പ്രതിരോധം നേരിടേണ്ടിവരുന്നു. വിപണി വീണ്ടും തുറക്കുമ്പോള്‍ തൊഴിലാളികള്‍ വൈറസ് ബാധിച്ചാല്‍ തൊഴിലുടമകളെ ബാധ്യതയില്‍ നിന്ന് രക്ഷിക്കാനുള്ള നിര്‍ദേശങ്ങളും വിവാദമായി.
റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള സെനറ്റ് തിങ്കളാഴ്ച വീണ്ടും യോഗം ചേരും, എന്നാല്‍ അത്തരമൊരു തീരുമാനത്തെ എതിര്‍ക്കാനാവും ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള സഭ തീരുമാനിക്കുക.