ന്യൂഡൽഹി∙ ചൈനയുമായുളള തർക്കത്തിൽ ഇടപെടാമെന്ന അമേരിക്കയുടെ വാഗ്ദാനം തള്ളി ഇന്ത്യ. ചൈനയുമായി സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുകയാണ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് നീക്കമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

അതിനിടെ, ഇന്ത്യയും ചൈനയും തമ്മിലെ സംഘര്‍ഷം ഒഴിവാക്കണമെന്ന് െഎക്യരാഷ്ട്ര സഭ. മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളുമാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ െഎക്യരാഷ്ട്ര സഭയ്ക്ക് അഭിപ്രായങ്ങളൊന്നും ഇല്ല. സാഹചര്യം നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ കടുത്ത നടപടികളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും സെക്രട്ടറി ജനറലിന്‍റെ വക്താവ് പറഞ്ഞു.

അതിർത്തിയിലെ പുതിയ താവളങ്ങളിൽ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘർഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ അധ്യക്ഷതയിൽ കമാൻഡർമാരുടെ സമ്മേളനത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു.

ഗൽവാൻ താഴ്‌വര, പാങ്ഗോങ് തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിൽ സൈന്യത്തെ ദീർഘനാൾ നിലനിർത്താൻ ചൈന ശ്രമിക്കുന്നത് കടന്നു കയറ്റം ലക്ഷ്യമിട്ടാണെന്ന് ഇന്ത്യൻ സേന വിലയിരുത്തുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ നടത്തുന്ന അനൗദ്യോഗിക ചർച്ചകൾ പ്രശ്നപരിഹാരത്തിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണു സേനാ നേതൃത്വം. ജാഗ്രത തുടരുന്നതിനൊപ്പം സംയമനം പാലിക്കാനും അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാനും ജവാൻമാർക്കു നിർദേശം നൽകിയിരുന്നു