ലഡാക്ക്: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ മേഖലയിലെ നിയന്ത്രണരേഖയില്‍ ഇരുവശത്തും ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ചൈനീസ് സേന ടെന്റുകളും മറ്റു സന്നാഹങ്ങളും സജ്ജമാക്കിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
ജൂണ്‍ 15ന് ഏറ്റുമുട്ടലുണ്ടായെന്നു കരുതുന്ന പട്രോള്‍ പോയിന്റ് 14ന് സമീപത്തെ ഉപഗ്രഹദൃശ്യങ്ങളാണ് ആദ്യം ലഭ്യമായത്. പിന്നീട് ചൈനീസ് സൈന്യം പിന്മാറിയെങ്കിലും ജൂണ്‍ 22ലെ ഉപഗ്രഹദൃശ്യങ്ങളില്‍ അവിടെ വീണ്ടും ടെന്റുകള്‍ കാണപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അതിര്‍ത്തിയില്‍ സ്ഥിതി ഗതിഗതികള്‍ ഇന്ത്യന്‍ സൈന്യം നിരീക്ഷിച്ചു വരികയാണ്. ഇതിനിടെ, സംഘര്‍ഷ പ്രദേശങ്ങളില്‍നിന്നുള്ള സേനാ പിന്മാറ്റത്തിന് കോര്‍ കമാന്‍ഡര്‍ തലത്തിലുണ്ടാക്കിയ ധാരണയുമായി മുന്നോട്ടു പോകാനാണ് ഇരുരാജ്യങ്ങളുടെയും നയതന്ത്ര തീരുമാനം.