ക്രിക്കറ്റിലെ സച്ചിനെപ്പോലെ മലയാള സിനിമയുടെ മാസ്റ്റർ ബ്ലാസ്റ്ററായിരുന്നു സച്ചി. മലയാള സിനിമയുടെ സാന്പ്രദായിക രീതികളെ അടിച്ചുപറത്തി സച്ചിനെ പോലെ സച്ചിയും തിളങ്ങി. സംവിധാനത്തിൽ രണ്ടാമത്തെയും അവസാനത്തേയും ചിത്രമായ അയ്യപ്പനും കോശിയും സച്ചിയെന്ന സംവിധായകപ്രതിഭയെക്കുറിച്ച് മലയാള സിനിമയ്ക്കു നൽകിയ പ്രതീക്ഷകൾ വാനോളമായിരുന്നു.
പതിവു നായകൻ-വില്ലൻ ഫോർമുലയ്ക്കുപകരം തുല്യപ്രാധാന്യമുള്ള രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച് അതിൽ നായകനാര്, വില്ലനാര് എന്ന കണ്ഫ്യൂഷൻ പ്രേക്ഷകരിൽ സൃഷ്ടിച്ച് ആർക്കൊപ്പം നിൽക്കണമെന്നറിയാതെ പ്രേക്ഷകർ പെട്ടുപോകുന്ന ക്രാഫ്റ്റ് അയ്യപ്പനും കോശിയിലും, ഡ്രൈവിംഗ് ലൈസൻസിലും കണ്ടു.
എതിർടീമിന്റെ ബൗളർമാരെ സച്ചിൻ ടെണ്ടുൽക്കർ അടിച്ചുപറത്തുന്നതുപോലെയായിരുന്നു സച്ചി എസ്റ്റാബ്ലിഷ്മെന്റുകളെ അടിച്ചുപറത്തിയത്. പൊട്ടിക്കാൻ ഇനിയും ധാരാളം തോടുകൾ ഉണ്ടെന്നും പൊട്ടിക്കുന്പോഴേ അതു വിജയിക്കുമോ അതോ ശരിക്കും പൊട്ടുമോ എന്നറിയാൻ പറ്റുള്ളൂവെന്നും സച്ചി പറയാറുണ്ട്.
തമാശയും കോളജ് ജീവിതവും പ്രണയവുമൊക്കെയായി മലയാളി രുചിച്ച സച്ചി-സേതു കൂട്ടുകെട്ടിൽ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് സൂപ്പർഹിറ്റായിരുന്നു. സച്ചി-സേതു കൂട്ടുകെട്ടിലായിരുന്നു ഈ ചിത്രത്തിന്റെ പിറവി. പിന്നീട് റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ്, ഡബിൾസ് എന്നീ ചിത്രങ്ങൾക്കുശേഷം സൂപ്പർഹിറ്റുകൾ ഒരുക്കിയ ഇരട്ട തിരക്കഥാകൃത്തുക്കൾ പിരിഞ്ഞു. എന്തിനു പിരിയുന്നുവെന്നായിരുന്നു ഇൻഡസ്ട്രിയിലുണ്ടായിരുന്നവരുടെയെല്ലാം സംശയം. എന്നാൽ തങ്ങൾ പിരിയാൻവേണ്ടി ഒന്നിച്ചവരാണെന്നായിരുന്നു സച്ചിയുടെ മറുപടി.
റൺ ബേബി റൺ, രാമലീല, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി സ്വതന്ത്ര രചനകളിലും വിജയം കൊയ്തു സച്ചി. കച്ചവടസിനിമയുടെ കൂടെ സഞ്ചരിക്കുന്പോഴും ജോണ് എബ്രഹാമിന്റെയും അടൂരിന്റെയും സിനിമകളോടുള്ള പ്രണയം തുറന്നുപറഞ്ഞിരുന്ന സച്ചി പുതിയ തലമുറയിലെ സനൽകുമാർ ശശിധരനെപ്പോലുള്ളവർ ആ മുൻഗാമികളുടെ പാതയിലൂടെ വരുന്നവരാണെന്നു തുറന്നുപറഞ്ഞ് പ്രശംസിക്കാനും മടിച്ചില്ല.
കച്ചവട താത്പര്യങ്ങൾക്കപ്പുറം അത്തരമൊരു ചിത്രം ചെയ്യണമെന്ന അതിയായ ആഗ്രഹവും സച്ചിക്കുണ്ടായിരുന്നു. സംവിധായകനായി സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കിയെങ്കിലും മറ്റു സംവിധായകർക്കു വേണ്ടി തിരക്കഥയെഴുതാൻ സച്ചിക്കു മടിയുണ്ടായിരുന്നില്ല.
കഥകളുറങ്ങുന്ന മനസിൽ ഒരുപാട് സ്വപ്നങ്ങൾ ബാക്കിവച്ചാണ് സച്ചി യാത്രയായത്. കഥകൾ പലതും സച്ചിയുടെ മനസിലുണ്ടായിരുന്നു. അവയിൽ പലതിനെക്കുറിച്ചും സച്ചി കുറിച്ചിട്ടിരുന്നു. സച്ചി പറയുന്ന നാലു കഥകളിൽ നാലിലും അഭിനയിക്കാൻ തയാറാണെന്ന പൃഥ്വിരാജിന്റെ വാക്കുകൾ ഏറെ ഹിറ്റായിരുന്നു. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസായിരുന്നു സച്ചിയുടെ സ്വപ്നം.
മലയാളത്തിലെ ഓരോ സംവിധായകനും ഓരോ രീതിയാണെന്നും അതനുസരിച്ചുവേണം എഴുതാനെന്നും സച്ചി വിശ്വസിച്ചു. സച്ചിൻ ടെണ്ടുൽക്കർ സ്പിൻ ബൗളർമാരെയും ഫാസ്റ്റ് ബൗളർമാരെയും വ്യത്യസ്ത രീതിയിൽ കൈകാര്യം ചെയ്യുംപോലെ.
ജീവിതത്തിന്റെ ക്രീസിൽനിന്ന് സച്ചി അപ്രതീക്ഷിതമായി ക്ലീൻ ബൗൾഡായി മടങ്ങിയിരിക്കുന്നു. ഇനിയൊരു ഇന്നിംഗ്സിനില്ലാതെ….