ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്ത കോവിഡ് കേസുകളില്‍ 60 ശതമാനവും എട്ടു നഗരങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, പൂനെ, താനെ, ഇന്‍ഡോര്‍, ചെന്നൈ, ജയ്പൂര്‍ എന്നീ നഗരങ്ങളിലാണ് കോവിഡ് പടര്‍ന്നു പിടിച്ചിരിക്കുന്നത്.
ഇതില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് 41 ശതമാനം കേസുകളും. ഇന്ത്യയില്‍ കോവിഡ് മൂലം അതിഗുരുതര സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. എങ്കിലും ഏതു സാഹചര്യത്തെ നേരിടുന്നതിനുമുള്ള തയാറെടുപ്പുകള്‍ നാം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് 3.3 ശതമാനത്തില്‍ തുടരുകയാണ്. രോഗമുക്തരാകുന്നവരുടെ നിരക്ക് 29.9 ശതമാനത്തിലെത്തി. നല്ല സൂചനകളാണ് ഇവ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗികള്‍ക്ക് മാത്രമായി 843 ആശുപത്രികള്‍ തയാറാക്കിയിട്ടുണ്ട്. കൂടാതെ 1,999 ആരോഗ്യകേന്ദ്രങ്ങളിലായ് 1,35,643 കിടക്കകളും ഒരുക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളുമായ് ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തി വരികയാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
 
						
 
							

