ന്യൂഡല്‍ഹി: കോവിഡ് 19 രാജ്യത്തെ ഇത്രത്തോളം രൂക്ഷമാവാന്‍ കാരണം സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍പട്ടവര്‍ ആണെന്ന്‌(Corona Virus Super Spreaders) ആണെന്ന് ഗവേഷകര്‍. ഇന്ത്യയില്‍ നേരത്തേ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട എട്ട് ശതമാനം രോഗികളുടെ ഒരു ഗ്രൂപ്പില്‍നിന്നാണ് പിന്നീട് രാജ്യത്തുണ്ടായ വൈറസ് ബാധയുടെ മൂന്നില്‍ രണ്ടിന്റെയും ഉത്ഭവമെന്ന് ശാസ്ത്രപ്രസിദ്ധീകരണമായ സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈന, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയിടങ്ങളില്‍നിന്നാണ് കോവിഡിനെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ വന്നിട്ടുള്ളതെങ്കിലും കേസുകള്‍ കൂടി വരുന്നത് ഇന്ത്യയിലും മറ്റ് വികസ്വര രാജ്യങ്ങളിലുമാണെന്ന് ഗവേഷകസംഘത്തിന് നേതൃത്വം നല്‍കിയ രമണന്‍ ലക്ഷ്മിനാരായണ്‍(ഡയറക്ടര്‍- സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, എക്കണോമിക്‌സ് ആന്‍ഡ് പോളിസി) പറഞ്ഞു.

ആന്ധ്രപ്രദേശിലെയും തമിഴ്‌നാട്ടിലെയും ഏകദേശം 30 ലക്ഷം രോഗബാധിതരുടെ സമ്പര്‍ക്കചരിത്രം അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ഒരു വികസ്വര രാജ്യത്ത്, കോവിഡ് വ്യാപനത്തെ കുറിച്ച്‌ ഇത്തരത്തില്‍ വിശാലമായ പഠനം നടക്കുന്നത് ആദ്യമായിട്ടാണ്.

ചില രോഗികള്‍ ഒരുപാട് പേരിലേക്ക് വൈറസ് പകര്‍ത്തുന്നു എന്ന് പറയാനുള്ള വിവരം നമ്മുടെ കൈവശം ഇല്ല. ‘സൂപ്പര്‍ സ്‌പ്രെഡര്‍’മാരായ ന്യൂനപക്ഷത്തെ വെച്ചു നോക്കുമ്പോള്‍, രോഗം സ്ഥിരീകരിച്ച 71% പേരും ആരിലേക്കും രോഗം പടര്‍ത്തിയിട്ടില്ലെന്ന് കാണാനാകുമെന്നും ലക്ഷ്മിനാരായണ്‍ പറഞ്ഞു.

ഈ രാജ്യങ്ങളില്‍ ആരോഗ്യസംരക്ഷണത്തിന് തടസ്സങ്ങള്‍ കൂടുതലാണ്. കൂടാതെ ഗുരുതരമായി രോഗബാധിതരാകാനും കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.