ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ  കൊറോണ വൈറസ് ബാധിച്ച് ആറ് ഈശോസഭ വൈദികർ മരണമടഞ്ഞു. സെന്റ് ജോസഫ് സർവ്വകലാശാലയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന മൻറേസ ഹാൾ എന്ന റിട്ടയർമെൻറ് ഹോമിൽ കഴിഞ്ഞിരുന്ന 77നും 93നും മധ്യ പ്രായമുണ്ടായിരുന്ന വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. സമീപത്തെ ആശുപത്രികളിൽ വച്ചാണ് എല്ലാവരുടെയും മരണം. ഫാ. ജി.  റിച്ചാർഡ് ദിമ്ലർ, ഫാ. ജോൺ ലാഞ്ചേ,  ഫാ. ഫ്രാൻസിസ് മോവാൻ, ഫാ. ജോൺ കെല്ലി, ഫാ. മൈക്കിൾ ഹൃക്കോ, ഫാ. എഡ്‌വേഡ് ഡോഹെർത്തി എന്നീ വൈദികരാണ് മരണമടഞ്ഞത്. റിട്ടയർമെന്റ് ഹൗസിൽ താമസിച്ചിരുന്ന എല്ലാ വൈദികർക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ പതിനേഴാം തീയതി മൻറേസ ഹാൾ അടച്ചിരുന്നു. ഏപ്രിൽ 25-നാണ് ഇത് വീണ്ടും തുറന്നത്.

തിരികെ മടങ്ങിയ വൈദികർ ആരോഗ്യവാന്മാരാണെന്ന്  ഈശോസഭയുടെ മേരിലാൻഡ്  പ്രൊവിൻസിന്റെ വക്താവായ മൈക്ക് ഗബ്രിയേലേ വ്യക്തമാക്കിയിട്ടുണ്ട്. ഈശോ സഭയുടെ കേന്ദ്രങ്ങളിൽ താമസിക്കുന്ന ആളുകളുടെ ആരോഗ്യത്തെ സംബന്ധിച്ച്  നിരീക്ഷണം നടത്തുന്നുണ്ട്. വൈറസ് ബാധ പ്രതിരോധിക്കുന്നതിന് ആവശ്യമുള്ള മെഡിക്കൽ കിറ്റുകൾ  നൽകിയിട്ടുമുണ്ട്. സഹ വൈദികർ മരണമടഞ്ഞതിൽ ഈശോസഭയിലെ എല്ലാ വൈദികർക്കും അതിയായ ദുഃഖമുണ്ട്. കൊറോണ ബാധിതർക്കും, അവരെ  ശുശ്രൂഷിക്കുന്നവർക്കുമായി  ഈശോസഭയിലെ അംഗങ്ങളെല്ലാം  പ്രാർത്ഥിക്കുന്നുണ്ടെന്നും മൈക്ക് ഗബ്രിയേലേ കൂട്ടിച്ചേർത്തു.