തിരുവനന്തപുരം : കോവിഡ് 19 സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സ്പാനിഷ് ഫ്‌ളൂ പോലെ തന്നെ കുറച്ചുസമയം കഴിയുമ്പോള്‍ കോവിഡും അപ്രത്യക്ഷമായേക്കാം. എന്നാല്‍ അഞ്ചുകോടി മനുഷ്യരുടെ ജീവന്‍ കവര്‍ന്ന ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്.

സംസ്ഥാനത്തെ പലരും സ്വയം നിയന്ത്രണം പാലിക്കാന്‍ പലരും മടികാണിക്കുന്നതായാണ് കാണുന്നത്. അതോടൊപ്പം ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്. രോഗവ്യാപനം അനിയന്ത്രിതമായി എന്നും മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ഇനി വലിയ കാര്യമില്ല എന്നുമാണ് പ്രചാരണം. വരുന്നിടത്തു വച്ചു നോക്കാം എന്ന ചിന്താഗതിയും വളരുന്നു. ഇത് അപകടകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്പാനിഷ് ഫ്‌ളൂവിന്റെ കാലത്ത് നാലുവര്‍ഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകള്‍ക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം മനുഷ്യര്‍ മരിക്കുകയും ചെയ്തു. ആ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രം ബഹുദൂരം പുരോഗമിച്ച സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ ചെറുക്കാന്‍ മനുഷ്യരാശിക്ക് സാധിച്ചിട്ടുണ്ട്.