ബ്രിട്ടന്‍ അതിവേഗ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കോവിഡ് രോഗിയുടെ ആദ്യ സമ്ബര്‍ക്കത്തില്‍ പെടുന്ന വ്യക്തിയാണെങ്കില്‍ പോലും, വാക്സിന്റെ രണ്ടു ഡോസുകളും എടുത്തിട്ടുണ്ടെങ്കില്‍ ക്വാറന്റൈന് വിധേയമാകേണ്ടി വരില്ല എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. ജൂലായ് 19 മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. അതിനു പകരമായി, ഇക്കൂട്ടര്‍ പത്തുദിവസത്തേക്ക് ദിവസേന ലാറ്ററല്‍ ഫ്ളോ ടെസ്റ്റിന് വിധേയരാകണം.
ഈ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍, വീടിനു വെളിയില്‍ ഇറങ്ങാനുള്ള അനുമതി നല്‍കും. ജൂലായ് 19 ന് സമ്ബൂര്‍ണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കോവിഡ് സര്‍ട്ടിഫിക്കേഷനുംകോവിഡ് പാസ്സ്പോര്‍ട്ടുമൊക്കെ വേണ്ടെന്നു വയ്ക്കാന്‍ മന്ത്രിമാര്‍ ആലോചിക്കുന്നതിനിടയിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജൂലായ് 19 ന് ശേഷം സംഗീത പരിപാടികള്‍ക്കും കായിക പരിപാടികള്‍ക്കുമൊക്കെ പങ്കെടുക്കാന്‍ കോവിഡ് പാസ്സ്പോര്‍ട്ടിന്റെ ആവശ്യം വരില്ല. ബാറുകളിലും പബ്ബുകളിലും ഇത് നിര്‍ബന്ധമാക്കണമെന്ന ആവശ്യം നേരത്തേ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നിരാകരിച്ചിരുന്നു.
വന്‍ജനക്കൂട്ടം ഉണ്ടാകുന്ന വലിയ പരിപാടികള്‍ക്ക് സര്‍ക്കാര്‍ കോവിഡ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാക്കില്ലെങ്കിലും, പരിപാടിയുടെ സംഘാടകര്‍ക്ക് ആവശ്യമെങ്കില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് സര്‍ട്ടിഫിക്കേഷന്‍ ആവശ്യപ്പെടാം. ഇത് പൂര്‍ണ്ണമായും സംഘാടകരുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. പ്രീമിയര്‍ ലീഗില്‍ കാണികള്‍ക്ക് അത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയേക്കും. വാക്സിന്‍ പദ്ധതി വിജയകരമായതിനാല്‍, ജൂലായ് 19 ന് തന്നെ ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും എടുത്തുകളയുമെന്ന് ഏതാണ് ഉറപ്പായ സാഹചര്യത്തിലാണ് ഈ പുതിയ വാര്‍ത്ത വരുന്നത്.
അതേസമയം ആശങ്കകള്‍ ബാക്കിയാക്കി മറുവശത്ത് രോഗവ്യാപനം വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുകയാണ് കഴിഞ്ഞ ആഴ്‌ച്ചയിലേതുമായി താരതമ്യം ചെയ്യുമ്ബോള്‍ 70 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 20,479 പേര്‍ക്കാണ് ഇന്നലെ ബ്രിട്ടനില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, രോഗവ്യാപന തോത് നിലവിലുള്ളതിന്റെ ഇരട്ടിയായി വര്‍ദ്ധിച്ചാലു ജൂലായ് 19 ന് തന്നെ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉറപ്പിച്ചിരിക്കുകയാണെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
രോഗം മൂര്‍ച്ഛിച്ച്‌ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്‌ച്ച 10 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതുപോലെ മരണനിരക്കും കേവലം 2 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചിട്ടുള്ളത്. അതായത്, ഫ്ളൂ പോലെ, ചികിത്സിച്ചു ഭേദമാക്കാവുന്ന മറ്റൊരു രോഗമായി കോവിഡ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള കാലം കോവിഡുമൊത്ത് ജീവിക്കേണ്ടതായി വരും എന്ന യാഥാര്‍ത്ഥ്യവും കൂടിയാകുമ്ബോള്‍ നിയന്ത്രണങ്ങള്‍ ഇനിയും നീട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.