മുംബൈ: കോവിഡ് വൈറസിന്റെ രണ്ടാംതരംഗം രാജ്യത്ത് വ്യാപിക്കുന്നതിനിടയില്‍ രോഗവ്യാപനത്തിന് തടയിട്ട് ധാരാവി. കോവിഡിന്റെ ആദ്യ തരംഗത്തെ പ്രതിരോധിക്കാനായി നടപ്പിലാക്കിയ ധാരാവി മോഡലിലൂടെയാണ് രണ്ടാം തരംഗത്തെയും ധാരാവി പിടിച്ചു നിര്‍ത്തിയത്. ഏപ്രില്‍ മാസം പ്രതിദിനം 99 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ധാരാവിയില്‍ കഴിഞ്ഞ ദിവസം നാലു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ ധാരാവിയില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത് വെറും 50 പേര്‍ മാത്രമാണ്. 6802 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 6398 പേരും രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്ബോഴാണ് ജനം തിങ്ങിപാര്‍ക്കുന്ന ധാരാവി രോഗവ്യാപനത്തെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. ട്രേസിംഗ്, ട്രാക്കിംഗ്, ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നിങ്ങനെ നാലു’ടി’ കള്‍ ചേര്‍ന്ന ധാരാവി മോഡലിലൂടെയാണ് രോഗവ്യാപനത്തിന് തടയിടാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ പറയുന്നു.

രോഗലക്ഷണങ്ങളുളള വ്യക്തികളുടെ വീടുകള്‍ തോറുമുളള പരിശോധന, ധാരാവിയിലുളള മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ കൃത്യമായി നിരീക്ഷിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്യുക, ധാരാവിയിലെ താമസക്കാരെ പതിവായി പരിശോധിക്കുക, ഒപ്പം ഡെലിവറി തൊഴിലാളികള്‍, വ്യാവസായിക തൊഴിലാളികള്‍ എന്നിവരെ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങള്‍ കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹായിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ധാരാവിയില്‍ ജാഗ്രത കര്‍ശനമാക്കിയെന്നും കോവിഡിന്റെ ആദ്യ തംരഗത്തില്‍ നടപ്പിലാക്കി വിജയിച്ച ധാരാവി മോഡല്‍ വീണ്ടും നടപ്പാക്കാന്‍ തീരുമാനിച്ചെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വകാര്യ ഡോക്ടര്‍മാരുടേയും കമ്യൂണിറ്റിയുടേയും പിന്തുണയോടെയാണ് കോവിഡ് കേസുകള്‍ വരുതിയിലാക്കാന്‍ പ്രാദേശിക ഭരണകൂടത്തിന് സാധിച്ചത്. ശുചിത്വം ഉറപ്പാക്കിയും ജാഗ്രത കര്‍ശനമാക്കിയും ആഹോരാത്രം പ്രയ്തനിച്ചാണ് കോവിഡിനെ ധാരാവി വരുതിയിലാക്കിയത്. രോഗവ്യാപനം കുറഞ്ഞെങ്കിലും ജാഗ്രതയില്‍ കുറവു വരുത്തേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു.