കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി പോസ്റ്റ് ഓഫീസുകള്‍ക്ക് രാവിലെ 10 മണി മുതല്‍ 12 മണി വരെ മാത്രം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് രാവിലെ 10 മുതല്‍ 2 മണി വരെയാണ് പ്രവര്‍ത്തനാനുമതി. റേഷന്‍ കടകളില്‍ വിരലടയാളം പതിപ്പിക്കാന്‍ പാടില്ല തുടങ്ങിയവയാണ് നിയന്ത്രണങ്ങള്‍. ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും കണ്ടെയ്മെന്‍റ് സോണുകളായി നിശ്ചയിച്ചു.

മാനന്തവാടി മുനിസിപ്പാലിറ്റിയും തിരുനെല്ലി, എടവക, വെള്ളമുണ്ട പഞ്ചായത്തുകളുമാണ് പൂര്‍ണമായി അടച്ചിട്ടത്‍. മീനങ്ങാടി പഞ്ചായത്തിലെ 7, 8, 9, 10, 11, 13, 14, 15, 16, 17, 18 വാര്‍ഡുകളും തച്ചമ്ബാട്ട് കോളനിയും കണ്ടെയ്മെന്‍റ് സോണുകളാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡും നെന്മേനി പഞ്ചായത്തിലെ 9, 10, 11, 12 വാര്‍ഡുകളും അമ്ബലവയല്‍ പഞ്ചായത്തിലെ മാങ്ങാട്ട് കോളനിയും കണ്ടെയ്മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗ വ്യാപനം തടയാന്‍ വേണ്ടി ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരുന്നുണ്ട്. ഇത് പൂര്‍ത്തിയാവുന്നതോടെ പലചരക്ക് കടകളും അടക്കും. അവശ്യ സര്‍വ്വീസുകള്‍ പോലും സമയ ബന്ധിതമായി മാത്രമാണ് പ്രവര്‍ത്തിക്കുക.

എല്ലാ കണ്ടെയ്മെന്‍റ് സോണുകളിലും പൊലിസ് ശക്തമായ നിരീക്ഷണം നടത്തും. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള ജാഗ്രത സമിതിയും വീടുകളില്‍ സന്ദര്‍ശനം നടത്തും. ഇവിടങ്ങളില്‍ പ്രധാന റോഡ് ഒഴികെ മറ്റെല്ലാ വഴികളും അടക്കും. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ ഊര്‍ജിതമാക്കും. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, മാനന്തവാടി ടൗണ്‍ പരിസരത്തുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.