കോവിഡ് വിവരങ്ങള്‍ സൂക്ഷിക്കുന്നത് സ്പ്രിങ്ക്ളറിന്റെ സെര്‍വറില്‍ തന്നെയെന്നും ഐടി വകുപ്പ് പിന്‍മാറിയിട്ടില്ലെന്നും ധനമന്ത്രി തോമസ് ഐസക്. കോവിഡ് വിവരങ്ങള്‍ സൂക്ഷിക്കാനുള്ള കരാര്‍ സ്പ്രിന്‍ക്ലറിനു തന്നെയെന്നും ധനമന്ത്രി. പ്രതിപക്ഷ വിമര്‍ശനത്തെത്തുടര്‍ന്ന് കമ്ബനിയുമായുണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറി എന്ന് വിജയാരവം മുഴക്കിയവര്‍ക്ക് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ട്. കൊവിഡ് വിവരങ്ങള്‍ സിഡിറ്റിന്റെ ആമസോണ്‍ വെബ് സെര്‍വര്‍ അക്കൗണ്ടിലേക്ക് മാറ്റാന്‍ സജ്ജമാകുന്നത് വരെ അവരുടെ ഇന്ത്യയ്ക്ക് അകത്തുള്ള സെര്‍വറില്‍ സൂക്ഷിക്കണമെന്നാണ് കരാര്‍. അത്തരം സൂക്ഷിപ്പ് സൗജന്യമായിരിക്കുമെന്നും വിമര്‍ശനത്തെ തുടര്‍ന്ന് ഐടി വകുപ്പ് പിന്‍വാങ്ങിയെന്ന് പ്രഖ്യാപിച്ച്‌ ഒരാഘോഷത്തിനും നില്‍ക്കേണ്ടെന്നും ധനമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റ്‌

പ്ലീസ്, കയറെടുക്കാന്‍ കാള പെറ്റു എന്നു കേള്‍ക്കാനെങ്കിലും കാത്തിരിക്കുക. പ്രതിപക്ഷ വിമര്‍ശനത്തെത്തുടര്‍ന്ന് സ്പ്രിംഗ്ളര്‍ കമ്ബനിയുമായുണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറി എന്ന് വിജയാരവം മുഴക്കിയവര്‍ക്ക് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ട്. അതൊക്കെ ആദ്യമേയുള്ള തീരുമാനങ്ങളുടെ ഭാഗമായിട്ടുള്ള കാര്യങ്ങളാണ്. കൂടുതല്‍ വിവരം വേണ്ടവര്‍ക്കും യഥാര്‍ത്ഥത്തില്‍ സംശയമുള്ളവര്‍ക്കും ഐടി വകുപ്പിന്റെ പത്രക്കുറിപ്പ് വായിക്കാം.

എന്റെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതു പ്രകാരമുള്ള ഒരുത്തരവാണ് ഇപ്പോള്‍ ഇറങ്ങിയിട്ടുള്ളത്. പോസ്റ്റില്‍ നിന്ന് പ്രസക്തമായ പാരഗ്രാഫ് മാത്രം ചുവടെ കൊടുക്കുന്നു.

“ഇക്കാര്യത്തില്‍ സ്പ്രിംഗ്ലര്‍ കമ്ബനിക്ക് ഐടി വകുപ്പ് നല്‍കിയിട്ടുള്ള പര്‍ച്ചേസ് ഉത്തരവില്‍, കോവിഡ് പ്രതിരോധത്തിനായുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും, #വിവരങ്ങള്‍ സി-ഡിറ്റിന്റെ ആമസോണ്‍ വെബ് സര്‍വര്‍ അക്കൗണ്ടിലേക്കു മാറ്റാന്‍ സജ്ജമാകുന്നതുവരെ (അതിനുള്ള സാങ്കേതിക നടപടികള്‍ നടന്നു വരുന്നു) അവരുടെ ഇന്ത്യയ്ക്ക് ഉള്ളിലുള്ള സര്‍വറില്‍ സൂക്ഷിക്കണമെന്നും, അത്തരം സൂക്ഷിപ്പും സൗജന്യമായിരിക്കുമെന്നതും വിവരങ്ങളുടെ പൂര്‍ണ്ണമായ ഉടമസ്ഥത കേരള സര്‍ക്കാരിനായിരിക്കുമെന്നും വിവരങ്ങള്‍ വിശകലനം ചെയ്തു ഡാഷ് ബോര്‍ഡുകളും ടേബിളുകളും തയ്യാറാക്കി നല്‍കുന്നതിനുള്ള ചുമതലയാണ് അവര്‍ക്കുണ്ടാകുകയെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. നോണ്‍ ഡിസ്ക്ലോഷര്‍ എഗ്രിമെന്റുമുണ്ട്”.

ഐടി വകുപ്പ് സംശയനിവാരണത്തിന് വിശദമായ പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതില്‍ നിന്ന് ഉദ്ധരിക്കട്ടെ. “തുടക്കത്തില്‍ ഈ അഞ്ചു ഫോമുകളിലെ വിവരങ്ങള്‍ നല്‍കപ്പെട്ടിരുന്നത് citizencentre.sprinker.com എന്ന സബ്ഡൊമൈനിലേയ്ക്കാണ്. തുടര്‍ന്ന് citizencetre.kerala.gov.in എന്ന സബ്ഡൊമൈന്‍ തയ്യാറായതോടെ അതില്‍ കൂടി പുതിയ വിവരങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ചില മാറ്റങ്ങള്‍ സോഫ്റ്റുവെയറില്‍ വരുത്തേണ്ടതുണ്ടായിരുന്നതിനാല്‍ ആ മാറ്റങ്ങളും തയ്യാറായതിന് ശേഷമാണ് പുതിയ സബ് ഡൊമൈനിനെക്കുറിച്ച്‌ നിര്‍ദ്ദേശം നല്‍കിയത്. ഇത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ്”.

വിവരശേഖരണം നടത്തുന്ന സബ്ഡൊമൈന്‍ പേര് ഏതായാലും നിലവില്‍ വിവരം ശേഖരിക്കപ്പെടുന്നത് മുംബെയിലുള്ള ആമസോണ്‍ വെബ് സെര്‍വെര്‍ ക്ലൗഡിലേയ്ക്കു തന്നെയാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വിമര്‍ശനത്തെത്തുടര്‍ന്ന് ഐടി വകുപ്പ് ഏതെങ്കിലും തരത്തില്‍ പിന്‍വാങ്ങിയെന്ന് പ്രഖ്യാപിച്ച്‌ ഒരു ആഘോഷത്തിനും നില്‍ക്കേണ്ടതില്ല.