തിരുവനന്തപുരം: ജനറല്‍ ആശുപത്രി ഒ.പി സംവിധാനം താറുമാറായത് രോഗികളെ വലയ്ക്കുന്നു. കോവിഡ് ആശുപത്രിയായി ജനറല്‍ ആശുപത്രിയെ മാറ്റിയതോടെയാണ് രോഗികള്‍ ദുരിതത്തിലായത്. മൂവായിരത്തിലേറെ രോഗികളാണ് ചികിത്സാ പരിരക്ഷ ലഭിക്കാതെ വലയുന്നത്. കോവിഡ് ജില്ലയില്‍ പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും കോവിഡ് ആശുപത്രിയാക്കി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആയിരത്തിലധികം പുതിയ രോഗികളും രണ്ടായിരത്തിലധികം പഴയ രോഗികളും ഉള്‍പ്പെടെ ഒരു ദിവസം മൂവായിരത്തിലധികം പേര്‍ക്കാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ ലഭിച്ചുകൊണ്ടിരുന്നത്.

കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചതോടെ ഈ രോഗികളുടെ അവസ്ഥ ദുരിതത്തിലായി. കോവിഡ് ബാധിച്ച 16 രോഗികളാണ് നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നൂറിലധികം കിടക്കകളുള്ള മെയില്‍ സര്‍ജറി വാര്‍ഡിലാണ് കോവിഡ് രോഗികളുള്ളത്. അതുകൊണ്ട് തന്നെ കാര്‍ട്ട് ഐസി, ഫീമെയില്‍ വാര്‍ഡ്, ഉള്‍പ്പെടുന്ന ഈ അഞ്ച്‌നില കെട്ടിടം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. മെഡിക്കല്‍ ഒപിയും സര്‍ജറി ഒപിയുമാണ് നിലവില്‍ ആശുപത്രിയിലുള്ളത്. അറുനൂറോളം രോഗികള്‍ കിടന്നിരുന്ന ആശുപത്രിയില്‍ ഇപ്പോഴുള്ളത് വെറും 150 രോഗികളാണ്. അവരില്‍ നൂറ് പേരും ഒന്‍പതാം വാര്‍ഡിലാണ്. കോവിഡ് മൂലം സ്‌പെഷ്യാലിറ്റി ഒപികള്‍ ഒുന്നം ആശുപത്രിയില്‍ പ്രവര്‍ത്തിക്കുില്ല. മറ്റ് രോഗങ്ങളുമായി ആശുപത്രിയില്‍ എത്തുവരെ മെഡിക്കല്‍ കോളേജിലേയ്ക്കാണ് റഫര്‍ ചെയ്യുന്നത്. കോവിഡിന് മുന്‍പ് എല്ലാ ദിവസവും നൂറിലധികം രോഗികളെയാണ് ഇവിടെ കിടത്തി ചികിത്സിപ്പിച്ചിരുന്നത്. അന്‍പതിലധികം ശസ്ത്രക്രിയകളും ആശുപത്രിയില്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. ഇതോടെ ഒപി സംവിധാനം താറുമാറാവുകയായിരുന്നു.

ആശുപത്രിയില്‍ ഒരു ദിവസം പതിനഞ്ചിലധികം രോഗികള്‍ക്കാണ് കാട്രാക്‌സ് ശസ്ത്രക്രിയയിലൂടെ കാഴ്ച ലഭിച്ചിരുന്നത്. കോവിഡിന് മുന്‍പ് ആഴ്ചയില്‍ മൂന്ന് ദിവസമാണ് കണ്ണിന്റെ ശസ്ത്രക്രിയ നടന്നിരുന്നത്. ചികിത്സ പൂര്‍ണമായും സൗജന്യമായിരുന്നു എന്ന് മാത്രമല്ല യാതൊരു പിഴവുകളും കൂടാതെയായിരുന്നു ശസ്ത്രക്രിയ നടന്നിരുന്നത്. ജനറല്‍ ശസ്ത്രക്രിയ കൂടാതെ യൂറോളജി വിഭാഗവും മികച്ച രീതിയിലാണ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആറ് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മികച്ചൊരു ഓര്‍ത്തോ വിഭാഗവും ജനറല്‍ ആശുപത്രിയിലുണ്ട്. പലപ്പോഴും മെഡിക്കല്‍ കേളേജില്‍ ചെയ്യാത്ത ശസ്ത്രക്രിയകള്‍ വരെ ജനറല്‍ ആശുപത്രിയില്‍ ചെയ്ത് വിജയിപ്പിച്ചിട്ടുണ്ട്.

ഇഎന്‍ടി, ഒഫ്താല്‍മോളജി, യൂറോളജി, ജനറല്‍ സര്‍ജറി, ഗാസ്‌ട്രോ തുടങ്ങി ഒട്ടുമിക്ക ചികിത്സാ വിഭാഗങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ തിയറ്ററാണ് ജനറല്‍ ആശുപത്രിയിലേത്. എന്നാല്‍ കോവിഡിന്റെ വ്യാപനത്തോടെ കഴിഞ്ഞ രണ്ട് മാസമായി ഒരു ശസ്ത്രക്രിയ പോലും ആശുപത്രിയില്‍ നടിന്നില്ല. ഇതോടെ മെഡിക്കല്‍ കോളേജിനെയും മറ്റ് ആശുപത്രികളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. യാതൊരു പരിരക്ഷയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി. ഇതിന് പുറമെ ശസ്ത്രക്രിയകള്‍ക്ക് വേണ്ടി വാങ്ങിയ കോടികണക്കിന് വിലവരുന്ന മെഷീനുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് മാസമായി പ്രവര്‍ത്തനരഹിതമാണ്. ലാട്രോസ്‌കോപ്പി ശസ്ത്രക്രിയയ്ക്കായി മികച്ച ഉപകരണങ്ങളാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയില്‍ കാര്‍ട്ട് ഐസി തുടങ്ങിയത് കഴിഞ്ഞ ഒരുമാസം മുന്‍പാണ്. ആന്‍ജിയോഗ്രാം ചെയ്ത് തുടങ്ങിയിട്ടും ഒരു മാസമായിരുന്നു. എന്നാല്‍ കോവിഡ് പടര്‍ന്നതോടെ അതെല്ലാം അടച്ച്‌ പൂട്ടിയിരിക്കുകയാണ്. കോടി കണക്കിന് രൂപ വിലവരുന്ന മെഷീനുകളാണ് ഓപ്പറേഷന്‍ തിയറ്ററിലെ ഉപകരണങ്ങളും കഴിഞ്ഞ രണ്ട് മാസമായി പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. എല്ലാദിവസവും പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ അത് തുടര്‍ന്നും ഉപയോഗിക്കാനാകൂ. മെഡിക്കല്‍ കോളേജ് പോലെ വലിയ രീതിയില്‍ സംവിധാനങ്ങളില്ലെങ്കിലും വരുന്ന രോഗികള്‍ക്ക് ചികിത്സാപരിരക്ഷ നല്‍കാന്‍ ജനറല്‍ ആശുപത്രിക്ക് സാധിച്ചിരുന്നു.