തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചെറിയ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ വീട്ടിലേക്ക് അയക്കുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഇത്തരക്കാരെ വീടുകളില്‍ ശുശ്രൂഷിക്കാന്‍ വിലക്കില്ലാത്തതിനാല്‍ ഈ രീതി പരിഗണിക്കാം. ഇവരെ നിരീക്ഷിക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്തും. കൂടാതെ, ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള കണ്‍സള്‍ട്ടേഷന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കാനും തീരുമാനമായി.
രോഗനിരക്ക് കൂടുന്ന സാഹചര്യത്തില്‍ സ്വകാര്യമേഖലയുടെ സഹായം കൂടി തേടേണ്ടതായി വരും. കാരണം, അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം ഉപയോഗിച്ച് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവരെ വീടുകളിലേക്ക് അയക്കാനുള്ള വാഹനനിരക്ക് യാത്രക്കാര്‍തന്നെ വഹിക്കണമെന്നും നിര്‍ദേശമുണ്ട്. ഇവരുടെ സാംപിള്‍ പരിശോധന സ്വകാര്യലാബുകളില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ വിദേശത്തുനിന്നെത്തുന്നവരില്‍ ആവശ്യമായവരെ സര്‍ക്കാര്‍തന്നെ കെ.എസ്.ആര്‍.ടി.സി. ബസുകളിലും മറ്റും വീടുകളിലെത്തിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം ഇക്കൂട്ടത്തിലെത്തുന്ന ഒരുകൂട്ടര്‍ക്ക് തിരിച്ചടിയാകും.
മുന്‍ഗണനാക്രമം അനുസരിച്ചുമാത്രമേ വിദേശത്തുനിന്നുള്ളവരുടെ യാത്ര അനുവദിക്കാവൂ എന്ന് കേന്ദ്രത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടാനും ഉന്നതതലയോഗത്തില്‍ തീരുമാനമായി. അതിഥിതൊഴിലാളികളുടെ യാത്രച്ചെലവ് അവരുടെ സംസ്ഥാനം വഹിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും നിവേദനം നല്‍കും. സംസ്ഥാനങ്ങള്‍ തമ്മില്‍ ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശം. മരണനിരക്ക് ഉയരുന്നുണ്ടെങ്കിലും മറ്റു രോഗങ്ങളുള്ളവരാണ് ഇതിലേറെയും. പ്രായമായവരെയും മറ്റു രോഗങ്ങളുള്ളവരെയും മുന്‍കൂട്ടി നിരീക്ഷണത്തിലാക്കുന്ന റിവേഴ്‌സ് ക്വാറന്റീന്‍ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.