രോഗബാധയും മരണവും വര്‍ധിയ്ക്കുന്നതിനിടെ, തമിഴ്നാട്ടില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. തിങ്കളാഴ്ച ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം ഉണ്ടായേക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ മദ്യശാലകള്‍ ഇന്നു തുറക്കും. ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലായി ഇന്നലെ ആറ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ ഇതോടെ, 189 ആയി.

18 മുതല്‍ തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 50 ശതമാനം ജീവനക്കാര്‍ അ‍ഞ്ച് ദിവസത്തെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഓഫിസുകളില്‍ എത്തണം. ശനിയാഴ്ച ഉള്‍പ്പെടെ പ്രവര്‍ത്തന ദിവസമായിരിയ്ക്കും. പത്താം ക്ലാസ് പരീക്ഷകള്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിയ്ക്കാനും തീരുമാനിച്ചു. അതത് സ്കൂളുകളിലായിരിക്കും പരീക്ഷകള്‍ നടത്തുക. രോഗികളുടെ എണ്ണം പതിനായിരം കടക്കുമ്ബോഴുംലോക് ഡൌണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ, 434 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 10,108 ആയി. 71 ആണ്. മരണസംഖ്യ. 359 ഇന്നലെ ആശുപത്രി വിട്ടു.

ഒരാള്‍ കൂടി മരിച്ചതോടെ, കര്‍ണാടകയിലെ മരണസംഖ്യ 36 ആയി. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ 69 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍, 1056 ആയി. മൈസൂര്‍ ജില്ലയെ കോവിഡ് മുക്തമായി പ്രഖ്യാപിച്ചു. ചികിത്സയിലുണ്ടായിരുന്ന 90 പേര്‍ക്കും രോഗം ഭേദമായതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

ആന്ധ്രാപ്രദേശില്‍ ആദ്യമായി ഇന്നലെ, രോഗബാധിതരുടെ എണ്ണം നൂറ് കടന്നു. 102 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗബാധിതര്‍ 2307 ആയി. മരണസംഖ്യ 48 ആണ്. പുതുച്ചേരിയില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രോഗികളുടെ എണ്ണം 16 ആയി. തെലങ്കാനയില്‍ 40 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. രോഗബാധിതരുടെ എണ്ണം 1454 ആയി. 34 ആണ് സംസ്ഥാനത്തെ മരണസംഖ്യ.