തിരുവനന്തപുരം: തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കൂടി കോവിഡ് മുക്തി നേടി. ഈ ജില്ലകളില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മുഴുവനാളുകളും രോഗമുക്തി നേടിയിരിക്കുകയാണ്. നേരത്തെ, തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകള്‍ സമ്പൂര്‍ണ്ണ രോഗമുക്തി നേടിയിരുന്നു.
തിങ്കളാഴ്ച സംസ്ഥാനത്തെ 61 പേരാണ് കോവിഡ് മുക്തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള 19 പേരും കോട്ടയം ജില്ലയില്‍നിന്നുള്ള 12 പേരും ഇടുക്കി ജില്ലയില്‍നിന്നുള്ള 11 പേരും കൊല്ലം ജില്ലയില്‍നിന്നുള്ള ഒമ്പത് പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നാല് പേരും മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള രണ്ടു പേരുടെ വീതവും പരിശോധനാ ഫലമാണ് തിങ്കളാഴ്ച നെഗറ്റീവായത്.
നിലവില്‍ 34 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കൊല്ലം -മൂന്ന്, പത്തനംതിട്ട -ഒന്ന്, കോട്ടയം -ആറ്, ഇടുക്കി -ഒന്ന്, പാലക്കാട് -ഒന്ന്, വയനാട് -ഒന്ന്, കണ്ണൂര്‍ -18, കാസര്‍കോട് -മൂന്ന് എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.