തിരുവനന്തപുരം: കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശ്വാസമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മൂന്ന് പുത്തന്‍ ഗവേഷണങ്ങള്‍.

രോഗികളുടെ കഫം, തുപ്പല്‍ തുടങ്ങിയ സ്രവങ്ങള്‍ ശേഖരിച്ച്‌ സുരക്ഷിതമായി നശിപ്പിക്കാനുള്ള ഉപകരണമായ ‘ചിത്ര അക്രിലോസോര്‍ബ്’, രോഗിക്ക് പരിസരവുമായി ഒരുവിധത്തിലുള്ള സമ്ബര്‍ക്കവുമുണ്ടാകാതിരിക്കാനുള്ള ‘ഐസൊലേഷന്‍ പോഡ്’, ‘ബബിള്‍ ഹെല്‍മെറ്റ്’ എന്നിവയാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിക്ഷയോടെ കാണുന്ന ഉപകരണങ്ങള്‍.

ചിത്ര അക്രിലോസോര്‍ബ്

ചെറുപാത്രത്തില്‍ ശേഖരിക്കുന്ന സ്രവങ്ങള്‍ അതിനുള്ളില്‍ത്തന്നെ ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ നിറഞ്ഞുകവിയുകയോ പരിസരം മലിനപ്പെടുത്തുകയോ ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഉപയോഗത്തിനുശേഷം ആശുപത്രിമാലിന്യത്തിനൊപ്പം ഇത് ഇന്‍സിനറേറ്ററില്‍ നശിപ്പിക്കാം. ശ്രീചിത്രയിലെ ബയോമെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിവിഭാഗം ശാസ്ത്രജ്ഞരായ ഡോ. എസ്. മഞ്ജു, ഡോ. മനോജ് കമ്മത്ത് എന്നിവരടങ്ങിയ സംഘമാണ് ഇത് വികസിപ്പിച്ചത്.

ഐസൊലേഷന്‍ പോഡ്

കോവിഡ് രോഗികളെ ഒരുസ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ഉപയോഗിക്കാവുന്ന പ്രത്യേക മൊഡ്യൂള്‍ ആണിത്. രോഗിക്ക് പരിസരവുമായി ഒരുവിധ സമ്ബര്‍ക്കവുമുണ്ടാകാതിരിക്കാന്‍ പ്രത്യേക ടെന്‍ഡ് കവര്‍ ഇതിനുണ്ടാകും. ഉള്ളിലെ വായു പൂര്‍ണമായും നീക്കംചെയ്ത് അണുമുക്തമാക്കിയിട്ടുമുണ്ടാകും. ഭാരംകുറഞ്ഞ ബെഡ് അടക്കമുള്ള മറ്റു സൗകര്യങ്ങളും ഇതിനുള്ളിലൊരുക്കിയിട്ടുണ്ട്.

ബബിള്‍ ഹെല്‍മെറ്റ്

കോവിഡ് രോഗികള്‍ക്ക് പരമ്ബരാഗത ഓക്‌സിജന്‍ മാസ്‌കുകള്‍ക്കുപകരം ഉപയോഗിക്കാന്‍ ശ്രീചിത്ര വികസിപ്പിച്ചതാണിത്. തലമുഴുവന്‍ മൂടുന്ന ഈ ഹെല്‍മെറ്റ് രോഗിയുടെ കഴുത്തില്‍ പ്രത്യേക കോളര്‍വഴി ബന്ധിപ്പിച്ചുനിര്‍ത്താം. കോവിഡ്മൂലം കടുത്ത ശ്വാസതടസ്സം നേരിടുന്ന രോഗികള്‍ക്ക് ശ്വസനം അനായാസമാക്കാനും വെന്റിലേറ്ററിന്റെ ഉപയോഗം വേണ്ടെന്നുവെക്കാനുമാവും.

സാങ്കേതികവിദ്യ സൗജന്യം

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ശ്രീചിത്ര വികസിപ്പിച്ച എല്ലാ മെഡിക്കല്‍ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യ കമ്ബനികള്‍ക്ക് സൗജന്യമായി കൈമാറും. കോവിഡ് ഭീഷണി നേരിടാന്‍ രാജ്യത്ത് ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാകും ഉപകരണ നിര്‍മാണക്കമ്ബനികളുമായി കരാറുണ്ടാക്കുക -ഡോ. ആശ കിഷോര്‍, ഡയറക്ടര്‍, ശ്രീചിത്ര