ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് ലോകം വിലയിരുത്തുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് സംഭരണത്തില്‍ ഇന്ത്യ തന്നെ ജേതാവ്.മരുന്നിന്റെ ശേഖരത്തില്‍ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലോകവിപണിയിലെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുന്‍നിര കമ്ബനികള്‍. 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകള്‍) ഉല്‍പാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കു സ്വന്തം.ഒരു കോവിഡ് രോഗി ഒരു കോഴ്സില്‍ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക.

അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഉല്‍പാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദപ്പെടുത്താന്‍ സാധിക്കും. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാല്ലസ് ഫാര്‍മസ്യൂട്ടിക്കല്‍സ് (ഗോവ) എന്നീ കമ്ബനികളാ‍ണ് പ്രധാനമായും ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉല്‍പാദിപ്പിക്കുന്നത്.അപൂര്‍വമായി മാത്രം ഉപയോഗിക്കാറുള്ള ഈ മരുന്നിന് കോവി‍‍ഡ്-19 പൊട്ടിപ്പുറപ്പെട്ടതോടെയാണ് കൂടുതല്‍ ആവശ്യക്കാരെത്തിയത്. ഉത്തരേന്ത്യയിലെ ചില ഡോക്ടര്‍മാരുടെ വാട്സാപ് സന്ദേശങ്ങള്‍ കൂടി വന്നതോടെ പണക്കാര്‍ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാന്‍ തുടങ്ങി.

മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി. ഇതോടെയാണ് മാര്‍ച്ച്‌ അവസാനത്തോടെ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഷെഡ്യൂള്‍ എച്ച്‌-1 വിഭാഗത്തില്‍ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇപ്പോള്‍ മരുന്ന് വില്‍ക്കാന്‍ സാധിക്കാതായി.കേരളവും മരുന്ന് സ്റ്റോക്കിന്റെ കാര്യത്തില്‍ സുരക്ഷിതമാണ്. കേരളത്തി‍ന് കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകള്‍ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരം സംസ്ഥാനത്തുണ്ട്.

ഒരു ലക്ഷം രോഗികള്‍ക്ക് ഉപയോഗിക്കാം. ഇതിനു പുറമേ, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് മരുന്ന് നിര്‍മാണത്തിനു വേണ്ട ലൈസന്‍സ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാല്‍, അനാവശ്യമായി അസംസ്കൃത വസ്തുക്കള്‍ സംഭരിക്കുന്നത് പാഴാകുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വേണ്ടെന്നു വച്ചു..