വാഷിങ്ടൻ ∙ എച്ച്1ബി വീസ ഉടമകൾക്കും ഗ്രീൻ കാർഡ് അപേക്ഷകർക്കും കാലാവധി നീട്ടി നൽകി യുഎസ്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്കും കുടിയേറ്റക്കാർക്കും ഏറെ ആശ്വാസകരമായ തീരുമാനമാണിത്. വിവിധ രേഖകൾ സമർപ്പിക്കുന്നതിനായി അപേക്ഷകൾ നൽകിയിട്ടുള്ള എച്ച്1ബി ഉടമകൾക്കും ഗ്രീൻ കാർഡിനായി അപേക്ഷ നൽകിയവർക്കും 60 ദിവസത്തെ ഗ്രേസ് പിരീഡാണ് യുഎസ് അനുവദിച്ചത്. കോവി‍ഡ് വ്യാപനത്തിന്റെ പ‍ശ്ചാത്തലത്തിലാണ് ഇളവ്.

വിദഗ്ധ മേഖലയിൽ ജോലിചെയ്യുന്നവർക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച്1ബി. യുഎസ് കമ്പനികൾ വിദേശ സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നത് ഈ വീസയിലാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആയിരത്തോളം ഉദ്യോഗാർഥികളെയാണ് യുഎസ് കമ്പനികൾ ഇങ്ങനെ നിയമിക്കുന്നത്. കുടിയേറ്റക്കാർക്ക് യുഎസിൽ സ്ഥിര താമസത്തിന് അനുമതി നൽകുന്നതാണ് പെർമനന്റ് റസിഡന്റ് കാർഡ് എന്നറിയപ്പെടുന്ന ഗ്രീൻ കാർഡ്.

തെളിവ് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ, വീസ അസാധുവാക്കുന്നതിനുള്ള നോട്ടിസുകൾ, റദ്ദാക്കാൻ ഉദ്ദേശിച്ചുള്ള നോട്ടിസുകൾ, പിൻവലിക്കാനുള്ള നോട്ടിസുകൾ, പ്രാദേശിക നിക്ഷേപകേന്ദ്രങ്ങള്‍ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അറിയിപ്പുകള്‍, ഫോം I-290B ഫയല്‍ ചെയ്യുന്നതിനുളള തീയതി, അപ്പീൽ ചെയ്യാനുള്ള നോട്ടിസുകൾ എന്നിവയ്ക്കാണ് ആറു മാസത്തെ കാലാവധി കൂടി അനുവദിച്ചത്. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രന്റ് സർവീസ് (യുഎസിസിഐഎസ്) ആണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

പുതിയ ഉത്തരവ് ഇറങ്ങിയതു മുതൽ 60 കലണ്ടർ ദിവസം വരെ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂവെന്നും അതിനു ശേഷം തുടർ നടപടികളിലേക്ക് പോകുമെന്നും വ്യക്തമാക്കുന്നു. പ്രഗത്ഭരായ 65,000 വരെ വിദേശ ഉദ്യോഗാർഥികൾക്ക് വീസ അനുവദിക്കാൻ യുഎസ്‌സിഐഎസിന് അധികാരമുണ്ട്. യുഎസിലെ ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത ബിരുദമോ ബിരുദാനന്തര ബിരുദമോ കരസ്ഥമാക്കിയ വിദഗ്ധരായ വിദേശികൾക്ക് 20,000 വീസ അധികമായും നൽകാനാകും. നിലവിലെ നിയമപ്രകാരം ഒരു വർഷം ഒരു രാജ്യത്തിന് ഏഴു ശതമാനം എന്ന തരത്തിൽ തൊഴിൽ അടിസ്ഥാനപ്പെടുത്തി 1,40,000 വരെ ഗ്രീൻ കാർഡുകൾ അനുവദിക്കാം.