നിനച്ചിരിക്കാതെ പടര്‍ന്നു പിടിച്ച കോവിഡിന് ഇടയില്‍ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത് ആഘോഷമില്ലാതെ. പ്രളയവും വരള്‍ച്ചയും അടക്കം എണ്ണമറ്റ പ്രതിസന്ധികള്‍ കടന്നു പോന്ന മലയാളിക്ക് അതിജീവന ചരിത്രത്തിലെ പുതിയഅധ്യായമാണ് കോവിഡ് കാലത്തെ വിഷു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി. ക്ഷേത്രത്തിന്റെ നാലു നടകളുടെ ഗേറ്റിനുള്ളിലേക്കു പോലും ഭക്തരെ പ്രവേശിപ്പിക്കില്ല. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ജീവനക്കാരുടെ എണ്ണത്തിലും കലക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രത്തില്‍ പൂജയ്ക്കെത്തുന്നവരുടേയും മറ്റു ജോലിക്കാരുടേയും പട്ടിക പൊലീസിനു കൈമാറാന്‍ നിര്‍ദേശമുണ്ട്. ഇന്നു മുതല്‍ ലിസ്റ്റിലുള്ള ജീവനക്കാരെ മാത്രമേ കയറ്റി വിടുകയുള്ളു.

ക്ഷേത്രത്തിലെ ഡ്യൂട്ടിക്കാരായ വിരലിലെണ്ണാവുന്ന ശാന്തിക്കാര്‍ക്കും പാരമ്ബര്യക്കാര്‍ക്കും മാത്രമാണ് ഇന്ന് വിഷുക്കണി ദര്‍ശിക്കാന്‍ അവസരം ഉണ്ടായത്. ക്ഷേത്ര ചരിത്രത്തില്‍ ആദ്യമെന്നോണമാണ് ഭക്തരില്ലാതെ വിഷുക്കണി ദര്‍ശനം നടത്തുന്നത്.