തെരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി കോട്ടയത്ത് യുഡിഎഫില്‍ തമ്മിലടി. ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനില്‍ക്കുകയാണ്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജില്ലാ യുഡിഎഫ് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അറിയിച്ചു.
ജോസ് കെ മാണി വിഭാഗം വിട്ടുപോയത് തോല്‍വിക്ക് കാരണമായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉപസമിതിക്ക് മുന്നില്‍ പറഞ്ഞു. പിജെ ജോസഫിന് കൂടുതല്‍ സീറ്റ് നല്‍കിയത് ഗുണം ചെയ്തില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് ജോസഫ് വിഭാഗം ഇന്നത്തെ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ കുറേക്കാലങ്ങളായി കോണ്‍ഗ്രസിസില്‍ നടക്കുന്നത് ചില നേതാക്കള്‍ ജോസ് കെ മാണിയെ വലുതാക്കി കാണിക്കലും കേരള കോണ്‍ഗ്രസിനെ ചെറുതാക്കിക്കാണിക്കലുമാണെന്ന് സജി മഞ്ഞക്കടമ്പില്‍ കുറ്റപ്പെടുത്തി.
അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നേരിട്ട തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതില്‍ യുഡിഎഫിനുള്ളില്‍ പൊട്ടിത്തെറികളും പരസ്പരം പഴിചാരലുകളും തുടങ്ങിയിരിക്കുകയാണ്. കോട്ടയത്ത് നടന്ന യോഗത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍, ജോസ് കെ മാണി വിഭാഗം വിട്ടുപോയത് ഗുണം ചെയ്തില്ലെന്നും വോട്ട് ചോര്‍ന്നെന്നും കുറ്റപ്പെടുത്തിയിരുന്നു. പത്ത് സീറ്റുകള്‍ ജോസഫ് വിഭാഗത്തിന് നല്‍കിയിട്ടും വിജയിക്കാന്‍ കഴിയാത്തതിലും യോഗത്തില്‍ വിമര്‍ശനങ്ങളുണ്ടായി. ഇതില്‍ പ്രതിഷേധിച്ചാണ് ജോസഫ് വിഭാഗം യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഘടകകക്ഷി നേതാക്കളോട് അടക്കം നേരിട്ടെത്തി അവരുടെ ഭാഗം വിശദീകരിക്കാനായിരുന്നു ഇന്ന് ഡിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നത്.