വാഷിങ്ടണ്‍: ലോകത്ത് പടര്‍ന്നുപിടിച്ച മഹാമാരിയായ കൊവിഡ് 19 ബാധിച്ച്‌ മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. ഒറ്റദിവസം മാത്രം ലോകത്ത് കൊവിഡ് ബാധയില്‍ പൊലിഞ്ഞത് 7,351 ജീവനുകളാണ്. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 82,005 എത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതുവരെ 14,30,516 പേര്‍ക്ക് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 84,480 പുതിയ കേസുകളാണ്. 3,01,828 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. 47,912 പേരാണ് കൊവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ദുരിതംവിതച്ചിരിക്കുന്നത്.

അന്തിമകണക്കുകള്‍ പ്രകാരം ഫ്രാന്‍സിലും അമേരിക്കയിലാണ് ചൊവ്വാഴ്ച ഏറ്റവുമധികം മരണം സംഭവിച്ചത്. ഫ്രാന്‍സില്‍ 1,417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണസംഖ്യ 10,338 ആയി. പതിനൊന്നായിരത്തിലധികം പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. മൊത്തം 11 ലക്ഷത്തോളം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയുള്ളത്. അമേരിക്കയില്‍ 1,952 ജീവനുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഇവിടെ നഷ്ടമായത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ 12,823 ആണ്. 33,000 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം നാലുലക്ഷം പിന്നിടുകയും ചെയ്തു.

യുകെയിലാവട്ടെ 24 മണിക്കൂറിനിടെ 786 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. മൊത്തം മരണസംഖ്യ 6,000 കടക്കുകയും ചെയ്തിട്ടുണ്ട്. 3,600 പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണമാവട്ടെ 55,000 കടക്കുകയും ചെയ്തു. ഇറ്റലിയില്‍ ചൊവ്വാഴ്ച മാത്രം 604 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇവിടെ 17,127 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. 1.35 ലക്ഷം പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24,392 പേര്‍ക്ക് രോഗം ഭേദമായി. സ്‌പെയിനാണ് കഴിഞ്ഞ മണിക്കൂറുകളില്‍ മരണങ്ങള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 550 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 14,000 പിന്നിട്ടിട്ടുണ്ട്. 5,267 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്തു. 1.41 ലക്ഷമാണ് ആകെ രോഗബാധിതര്‍.