കുവൈറ്റ് സിറ്റി: കൊവിഡ് വാക്‌സിനേഷന് കുവൈറ്റില്‍ മികച്ച ജനപങ്കാളിത്തം ലഭിക്കുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. ഹിജ്‌റ വര്‍ഷാരംഭത്തോട് അനുബന്ധിച്ചുള്ള അവധി സമയത്തും നിരവധി പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നതില്‍ വാക്‌സിനേഷന്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിനായി ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മിഷ്രഫിലെ എക്‌സിബിഷന്‍ ഗ്രൗണ്ട്, ജാബര്‍ അല്‍ അഹമ്മദ് ബ്രിഡ്ജ് സെന്റര്‍, അല്‍ തദാമണ്‍ ക്ലബ്, ജലീബ് അല്‍ ഷൂയൂഖ് യൂത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് അവധി ദിനങ്ങളിലും വാക്‌സിന്‍ വിതരണം ചെയ്തത്.

ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരെയും, സഹകരിക്കുന്ന ജനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും വ്യാപിച്ചുകിടക്കുന്ന 101 വാക്സിനേഷന്‍ സെന്ററുകളിലേക്ക് പ്രതിദിനം 100,000 അപ്പോയിന്റ്മെന്റുകള്‍ ഉറപ്പാക്കുമെന്ന്‌ ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.