കഴക്കൂട്ടം: എത്രയും പെട്ടെന്ന് അഭിനയ ലോകത്തേക്ക് തിരിച്ചെത്തുമെന്നാണ്​ പത്തുമാസങ്ങള്‍ക്ക് മുമ്പ്‌ ചെമ്പഴന്തിയിലെ സ്നേഹ സീമ എന്ന പുതിയ വീട്ടില്‍ താമസത്തിനെത്തുമ്പോള്‍ പുഞ്ചിരിയോടെ ശരണ്യ പറഞ്ഞത്​. പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളില്‍ മായാത്ത നോവായി ഈ വാക്കുകള്‍ ബാക്കിവെച്ചാണ് ശരണ്യ യാത്രയായത്.

ഗൃഹ പ്രവേശനത്തിന് നടിയും കുടുംബ സുഹൃത്തുമായ സീമ ജി. നായരുടെ കരംപിടിച്ച്‌ ശരണ്യ ‘സ്നേഹസീമ’യിലെ പടികയറുമ്പോള്‍ തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ചെമ്പഴന്തി അണിയൂര്‍ കട്ടച്ചല്‍ ക്ഷേത്രത്തിന് സമീപത്തെ ഇരുനില വീട് ശരണ്യയെ സ്നേഹിച്ചവരുടെ സമ്മാനമാണ്. ജീവിതത്തില്‍ അഭിനയം മാത്രം സ്വപ്നം കണ്ട അപൂര്‍വം ചില നടിമാരില്‍ ഒരാളായിരുന്നു ശരണ്യ.
അഭിനയത്തിനിടെ ഒരു വില്ലനെപ്പോലെ 2012 ലാണ് ബ്രെയിന്‍ ട്യൂമര്‍ രോഗം ശരണ്യയെ കീഴടക്കിയത് . പിന്നാലെ തൈറോയിഡ് കാന്‍സറും. ഒന്‍പത് വര്‍ഷത്തിനകം വിവിധങ്ങളായ പതിനൊന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയ യായി ശരണ്യ. അതോടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി തകര്‍ന്നു.

ശരണ്യയെയും കൊണ്ട് അമ്മ വാടകവീടുകളില്‍ നിന്നും വാടകവീടുകളിലേക്ക് നെട്ടോട്ടമായിരുന്നു. അങ്ങനെയാണ് ശരണ്യ രണ്ടാനമ്മ എന്ന് വിളിച്ചുപോന്ന സീമാ ജി. നായര്‍ ശരണ്യയ്ക്ക് ഒരു വീട് വേണമെന്ന ആഗ്രഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. അങ്ങനെയാണ് വീടിന് സ്നേഹസീമ എന്ന പേര് വീണത്.

സ്നേഹ സീമയില്‍ നിറപുഞ്ചിരിയോടെ വീല്‍ചെയറില്‍ ഓടിനടന്ന ശരണ്യ തന്‍റെ എല്ലാ പ്രശ്നങ്ങളും മാറി എന്ന് കരുതിയപ്പോഴാണ് വേദനയില്ലാത്ത ലോകത്തിലേക്ക് യാത്രയായത്.