കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് ബാധിക്കുമ്പോൾ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു. കൊവിഡ് വന്നാൽ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷന്റെ സങ്കൽപമാണ് ആർജിത പ്രതിരോധം. വാക്സിനേഷൻ ഒരു ഘട്ടത്തിലെത്തിയാൽ മാത്രമേ ഇത് കൈവരിക്കാൻ സാധിക്കൂ. പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ പോലും പകർച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാർഗമായി ആർജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും ഗെബ്രിയോസസ് വ്യക്തമാക്കി.
അപകടകരമായ വൈറസിനെ കൂടുതൽ പകരാൻ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാർഗവുമല്ല. കൊവിഡിനെതിരെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളുടെ അഭാവവും ഗെബ്രിയോസസ് ചൂണ്ടിക്കാട്ടി.