കൊച്ചി: കാസര്‍ഗോട്ടെ കൊവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. രേഖ ചോര്‍ന്നവരില്‍ ഉള്‍പ്പെട്ട നാല് പേരാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ചോദിച്ച വിവരം തങ്ങള്‍ നല്‍കി. ആശുപത്രിയിലും അവിടം വിട്ട ശേഷവും സര്‍ക്കാര്‍ വിവര ശേഖരണം നടത്തി.പിന്നീട് പല ഭാഗത്ത് നിന്നും തുടര്‍ ചികിത്സയൊരുക്കാമെന്ന പേരില്‍ നിരവധി കോളുകള്‍ വന്നതായി ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ നിന്നാണ് കോളുകള്‍ വന്നതെന്നും തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഹര്‍ജിക്കാര്‍ പറയുന്നു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യം.
കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ കൊവിഡ് രോഗികളുടെ എല്ലാ വിവരങ്ങളും പുറത്തായത് കഴിഞ്ഞ മാസമാണ്. ഗൂഗിള്‍ മാപ്പില്‍ രോഗികളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിരുന്നു. രോഗികള്‍ക്ക് ഫോണ്‍ കോളുകള്‍ വന്ന സംഭവത്തില്‍ അന്വേഷണം നടന്നതോടെയാണ് വിവരങ്ങള്‍ ചോര്‍ന്ന സംഭവം പുറത്തായത്. രണ്ട് ജില്ലകളിലും പൊലീസ് പ്രത്യേക ആപ്പ് പുറത്തിറക്കിയിരുന്നു. സ്പ്രിംക്‌ളര്‍ വിവാദം കൊഴുക്കുന്നതിനിടയിലാണ് ഡാറ്റാ ചോര്‍ച്ചയും നടന്നത്. ഇതിന്റെ പേരില്‍ പ്രതിപക്ഷ- ഭരണപക്ഷ തര്‍ക്കം കനത്തിരുന്നു. പ്രതിപക്ഷം സംഭവത്തില്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.