തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം രാജ്യത്തിന് മാതൃകയെന്ന് ശശി തരൂര്‍ എംപി. കേന്ദ്രം എംപി ഫണ്ട് അവസാനിപ്പിക്കും മുന്‍പ് കിറ്റുകള്‍ എത്തിക്കാനായത് ആശ്വാസമാണെന്നും തരൂര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വീഴ്ചകള്‍ പറ്റിയെന്നും കേന്ദ്രം കോവിഡ് പ്രതിരോധ നടപടികള്‍ തുടങ്ങാന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച്‌ 19 വരെ രോഗപ്രതിരോധ സാമഗ്രികള്‍ കയറ്റിയയച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നതിനു വേണ്ടിയും കേന്ദ്രം കാത്തു നിന്നു. ഇതിനായി പാര്‍ലമെന്റ് സമ്മേളനം പോലും നീട്ടിയെന്നും തരൂര്‍ ആരോപിച്ചു.

അതേസമയം, കൊവിഡ് 19 രോഗം പടര്‍ന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഈക്കാര്യം ചൂണ്ടിക്കാട്ടി ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ യുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എബഹാം വര്‍ഗീസും സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.