ജനീവ: കൊവിഡ്19 പൊട്ടിപ്പുറപ്പെട്ടെന്ന് ലോകത്തോട് വിളിച്ചുപറയുന്നത് വൈകിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനമിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന മാധ്യമ വാര്‍ത്ത തള്ളി ഡബ്ല്യുഎച്ച്‌ഒ. ചൈനീസ് പ്രസിഡന്റ്, ഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍ ജനറലിനെ ആഗോള മുന്നറിയിപ്പ് നല്‍കുന്നത് വൈകിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച്‌ ഫോണില്‍ ബന്ധപ്പെട്ടതായി ജര്‍മ്മന്‍ വാര്‍ത്താ ഏന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ ഉദ്ധരിച്ചായിരുന്നു ഡെര്‍ സ്പീഗല്‍ എന്ന വാര്‍ത്താ ഏന്‍സിയുടെ റിപ്പോര്‍ട്ട്. ജനുവരി 21ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ടെഡ്രോസിനെ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊവിഡ്19 മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തടഞ്ഞുവെക്കാനും പകര്‍ച്ചവ്യാധി മുന്നറിയിപ്പ് വൈകിപ്പിക്കാനും ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് മുതല്‍ ആറ് ആഴ്ചവരെ ഇത്തരത്തില്‍ വിവരം മറച്ചുവെച്ചന്നാണ് ആരോപണം.

ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ടെഡ്രോസും ഷി ജിന്‍പിങും തമ്മില്‍ ഒരിക്കലും ഫോണ്‍കോള്‍ ഉണ്ടായിട്ടില്ലെന്നും ആവര്‍ത്തിച്ചുള്ള ട്വീറ്റുകളിലൂടെ ഡബ്ല്യുഎച്ച്‌ഒ വിശദീകരിച്ചു.