ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗബാധ പടര്‍ന്നു പിടിച്ചതിനെതുടര്‍ന്ന് സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടം ആരംഭിച്ചപ്പോള്‍ പല മേഖലയിലും ഇളവുകള്‍ നല്‍കിയിട്ടും സ്കൂളുകള്‍ തുറക്കാന്‍ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. ജൂലായ് മാസത്തില്‍ മാത്രമേ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് കേന്ദ്ര,​ സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചിരിക്കുന്നത്.

അതിനിടെ കൊവിഡ് രോഗപ്രതിരോധത്തിന് വാക്സിന്‍ കണ്ടെത്തുന്നത് വരെ സ്കൂളുകള്‍ തുറക്കരുതെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് രക്ഷിതാക്കള്‍.ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയ രീതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് രക്ഷിതാക്കള്‍ ഭീമഹര്‍ജി തയ്യാറാക്കിയത്. ഓണ്‍ലൈന്‍ ഭീമഹര്‍ജിയില്‍ 24 മണിക്കൂറിനുള്ളില്‍ മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തോളം രക്ഷിതാക്കളാണ് ഒപ്പുവച്ചിരിക്കുന്നത്. നോ വാക്സിന്‍ നോ സ്കൂള്‍ എന്ന പേരിലാണ് ഹര്‍ജി തയ്യാറാക്കിയിട്ടുള്ളത്. സ്കൂളുകളിലേക്ക് കുട്ടികളെ അയക്കാതെ ഓണ്‍ലൈന്‍ സംവിധാനം പഠനത്തിനായി ഉപയോഗിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഹര്‍ജിക്ക് പിന്നില്‍ അണിനിരക്കുന്നത്.

ഒരു കേസുകള്‍ പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമുണ്ടാവുകയോ വാക്സിന്‍ ഭ്യമാവുകയോ ചെയ്യാത്ത സാഹചര്യത്തില്‍ സ്കൂള്‍ തുറക്കുന്നത് ആശങ്കാജനകമാണ്. മികച്ച രീതിയില്‍ ഇ ലേണിംഗ് നടത്താന്‍ സാധിക്കുമ്ബോള്‍ എന്തുകൊണ്ട് അത് വര്‍ഷം മുഴുവന്‍ തുടരാന്‍ സാധിക്കാത്തതെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.