തിരുവനന്തപുരം: കൊവിഡിന്റെ തുടക്കക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. മാത്രമല്ല ഇന്ത്യയില്‍ ആദ്യമായി കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും കേരളമായിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ കഴിയേ രാജ്യത്തുതന്നെ ഏറ്റവും മികച്ച രോഗ പ്രതിരോധം കാഴ്ചവച്ച സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറുന്നത് മലയാളികള്‍ കണ്ടു. കേരളത്തില്‍ വന്ന വിദേശികള്‍ പോലും തങ്ങള്‍ കേരളം വിട്ട് പോകുന്നില്ലെന്നും സ്വന്തം നാടുകളേക്കാള്‍ സുരക്ഷിതം ഇവിടമാണെന്ന് പറയുന്നതും നാം കേള്‍ക്കുകയുണ്ടായി.
നിലവില്‍ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 25 മാത്രമാണ്. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങള്‍ കൂടിവരുന്നു എന്നതും കേരളത്തിന്റെ മറ്റൊരു നേട്ടമാകുന്നു. മാര്‍ച്ച് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് എന്നീ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റ കൊവിഡ് രോഗബാധ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സംസ്ഥാനത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്നുണ്ട്.
അസൂയാവഹമായ ഈ നേട്ടത്തിന് പിന്നില്‍ തീര്‍ച്ചയായും സര്‍ക്കാരും വിശ്രമമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകാതെ പകച്ചുനില്‍ക്കുമ്ബോഴാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്.
ഒഡിഷ, ജാര്‍ഖണ്ഡ്, ചണ്ഡിഗര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൊവിഡ് രോഗപ്രതിരോധത്തില്‍ കൈവരിച്ച നേട്ടങ്ങളും പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം. എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി കേരളം നേരിടാന്‍ ഒരുങ്ങുന്നതേയുള്ളൂ എന്നതാണ് സത്യം. ഗള്‍ഫ് രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളീയര്‍ സ്വദേശത്തേക്ക് മടങ്ങിയെത്താന്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.
മികച്ച രോഗപ്രതിരോധ സംവിധാനങ്ങളും ജാഗ്രതയും കൊണ്ടുമാത്രമേ ഈ ഈ വെല്ലുവിളിയെ സംസ്ഥാന സര്‍ക്കാരിന് ഫലപ്രദമായി പ്രഹരിക്കാനാകൂ. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തരും തയ്യാറാക്കിയിട്ടുണ്ടെങ്കിലും വീണ്ടും സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടാനുള്ള സാദ്ധ്യത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.