• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: കൊറോണ വൈറസ് വാക്‌സിന്‍ വികസനത്തിന് പുതിയ നേതൃത്വം. കോവിഡ് ടാസ്‌ക്ക് ഫോഴ്‌സിനെയും എപ്പിഡെമിക്ക് ഡയറക്ടര്‍ ഡോ. ആന്റണി ഫൗസിയെയും തഴഞ്ഞ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈനിന്റെ വാക്‌സിനേഷന്‍ വിഭാഗം മുന്‍ മേധാവി മോണ്‍സെഫ് സ്ലൗയിയെയാണ് പുതിയ നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. 2021 ജനുവരിയില്‍ പുതിയ വാക്‌സിന്‍ ഉണ്ടാവുമെന്നും ഇതു സംബന്ധിച്ച നിലവിലെ വിവരങ്ങളും പ്രസിഡന്റ് ട്രംപ് ഇന്നു മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിശദീകരിക്കും.

ഈ വര്‍ഷാവസാനത്തോടെ കൊറോണ വാക്‌സിന്‍ ഉണ്ടാവുമെന്നു ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോണ്‍സെഫ് സ്ലൗയിക്കൊപ്പം ഫോര്‍ സ്റ്റാര്‍ ആര്‍മി ജനറല്‍ ഗുസ്താവ് പെര്‍നയേയും ട്രംപ് ഈ ഉദ്യമത്തില്‍ നിയമിച്ചു. 2017 ല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗം വിട്ടതുമുതല്‍ ഒരു വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായിരുന്ന സ്ലൗയി വാക്‌സിന്‍ ശ്രമത്തിന്റെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കും. ലോജിസ്റ്റിക്‌സിന്റെ മേല്‍നോട്ടം വഹിക്കുന്ന ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പെര്‍ന പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ തയാറാകുമ്പോള്‍ വിതരണം ചെയ്യുന്നതിനായി സൈന്യത്തെ അതിവേഗം അണിനിരത്തുമെന്ന് ട്രംപ് പറഞ്ഞു.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഉള്‍പ്പെടെ ഫെഡറല്‍ സര്‍ക്കാര്‍ ഇതിനകം നടത്തിക്കൊണ്ടിരിക്കുന്ന വാക്‌സിന്‍ വികസന ശ്രമങ്ങള്‍ക്ക് ഇരുവരും നേതൃത്വം നല്‍കും. ഡോ. ഫൗസിയെ തഴഞ്ഞതിനു വിശദീകരണമില്ല. ട്രംപ് നിര്‍ദ്ദേശിച്ച കോവിഡിനെതിരേയുള്ള മരുന്നായ ക്ലോറോക്വീനിനോടു ഡോ. ഫൗസിക്കും എതിര്‍പ്പുണ്ടായിരുന്നു. ഇതിനു വേണ്ടി ഫെഡറല്‍ ഗവണ്‍മെന്റ് കോടിക്കണക്കിനു ഡോളറാണ് ചെലവഴിച്ചത്. ഇതിനെത്തുടര്‍ന്ന് ഏറെ പഴികേട്ട ട്രംപ് ടാസ്‌ക്ക് ഫോഴ്‌സില്‍ വിശ്വാസം നഷ്ടപ്പെട്ടതായും അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും, റോസ് ഗാര്‍ഡനില്‍ ഇന്നു നടക്കുന്ന പരിപാടിയില്‍ എപ്പിഡെമിക്‌സ് തലവന്‍ ഡോ. ആന്റണി ഫൗസി പങ്കെടുക്കും. ഡോ. ഫൗസിയെ കഴിഞ്ഞ ഏപ്രില്‍ 29-നു ശേഷം വൈറ്റ് ഹൗസില്‍ പ്രസിഡന്റിനൊപ്പം കണ്ടിട്ടില്ല. പക്ഷേ, ചൊവ്വാഴ്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും മറ്റ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹത്തെ വൈറ്റ് ഹൗസില്‍ കണ്ടിരുന്നു. മറ്റ് ആരോഗ്യ വിദഗ്ധരെപ്പോലെ ഫൗസിയും ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതിന് കുറഞ്ഞത് ഒരു വര്‍ഷമെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ട്രംപിന്റെ ഉപദേഷ്ടാവ് കെല്ലിയാന്‍ കോണ്‍വേ, വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഫെഡറല്‍ സര്‍ക്കാര്‍ ഇതിനകം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ചു പ്രസിഡന്റ് വിശദീകരിക്കുമെന്ന് പറഞ്ഞു. ഇതിനായാണ് രാജ്യം മുഴുവന്‍ കാതോര്‍ക്കുന്നത്. വാക്‌സിന്‍ വികസന തലവനായി സ്ലൗയിയെ തെരഞ്ഞെടുക്കാന്‍ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ നടന്നിരുന്നു. ഹെല്‍ത്ത് ഹ്യൂമന്‍ സെക്രട്ടറി അലക്‌സ് അസര്‍, മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍, ഉപദേശകന്‍ ആദം ബോഹ്‌ലര്‍, ഡോ. ഡെബോറ ബിര്‍ക്‌സ്, പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് നോര്‍ക്വിസ്റ്റ്, എച്ച്എച്ച്എസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് പോള്‍ മാംഗോ, ഡോ. ഫൗസി എന്നിവര്‍ സ്ലൗയിയുമായുള്ള അഭിമുഖ പ്രക്രിയയില്‍ പങ്കെടുത്തു. സ്ലൗവിയെ നേതൃത്വത്തിലേക്കു തിരഞ്ഞെടുക്കാനുള്ള തീരുമാനം ഏകകണ്ഠമാണെന്നും എല്ലാ അഡ്മിനിസ്‌ട്രേഷന്‍ പാനലിസ്റ്റുകള്‍ക്കും ഇത് വ്യക്തമാണെന്നും മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച വൈറ്റ് ഹൗസില്‍ വെച്ചാണ് സ്ലൗയി ട്രംപുമായി കൂടിക്കാഴ്ച നടത്തിയതെന്നും അവര്‍ പറഞ്ഞു. ജനുവരിയില്‍ കോവിഡ് 19 വാക്‌സിന്‍ എത്തിക്കുകയെന്ന ഭരണകൂടത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സ്ലൗയിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നാണ് സൂചന.

പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒന്നില്‍ കൂടുതല്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ ഭരണകൂടം നീങ്ങുമ്പോള്‍ ഏത് വാക്‌സിനുകള്‍ വേണമെന്ന് നിര്‍ണ്ണയിക്കുക എന്നതാണ് സ്ലൗയിയുടെ പ്രാഥമിക ദൗത്യം. മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെ കീഴിലുള്ള മുന്‍ സെന്റര്‍സ് ഫോര്‍ മെഡി കെയര്‍ ആന്റ് മെഡിക് സര്‍വീസ് ഡയറക്ടര്‍ എലിയാസ് സെര്‍ഹൗണി, മാര്‍ക്ക് മക്ലെല്ലന്‍ എന്നിവരായിരുന്നു സ്ലൗയിയ്‌ക്കെതിരേയുണ്ടായിരുന്ന മറ്റു സ്ഥാനാര്‍ത്ഥികള്‍.

അതേസമയം, കൊറോണ മരണം 87,300 കടന്നു. രോഗം പിടിപ്പെട്ടവരുടെ എണ്ണം 1,465,047 കവിഞ്ഞു. ഇന്നലെ മാത്രം 7200 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ നിയന്ത്രണങ്ങളില്‍ ആഴ്ചാവസാനം ഇളവുകള്‍ പ്രഖ്യാപിച്ചു. പൊതുയിടങ്ങളും പാര്‍ക്കുകളും ബീച്ചുകളും തുറക്കും. എന്നാല്‍ സാമൂഹി അകലം പാലിക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക്കുകള്‍ ധരിക്കണമെന്നുമാണ് നിര്‍ദ്ദേശം. ന്യൂജേഴ്‌സിയിലും സമാന ഉത്തരവുകള്‍ നിലവിലുണ്ട്.